തിരുവനന്തപുരം ∙ രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) പഠനം. കേരളത്തിലെ കോവിഡ് വർധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് – എംജിആർ) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തിൽ 7 ദിവസത്തെ എംജിആർ 28 ആണ്. ദേശീയതലത്തിൽ 11 മാത്രം. 30 ദിവസത്തെ എംജിആർ രാജ്യത്ത് 45 ആണെങ്കിൽ കേരളത്തിൽ 98.
മറ്റു കണ്ടെത്തലുകൾ
∙ താരതമ്യേന ടെസ്റ്റുകൾ കുറവ്. ഡൽഹിയിലും പുതുച്ചേരിയിലും കോവിഡ് ബാധിതർ വർധിച്ചപ്പോൾ പരിശോധന ഇരട്ടിയോളം കൂട്ടി. ഡൽഹിയിൽ ഓരോ 10 ലക്ഷം പേരിലും 1,53,565 പേർക്കു കോവിഡ് പരിശോധന. പുതുച്ചേരിയിൽ 1,21,370. കേരളത്തിൽ 76,109 മാത്രം.
∙ കണ്ണൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.6%. കോവിഡ് വ്യാപനം അതിവേഗമെന്നതിനു തെളിവ്.
∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ തീവ്രപരിചരണ സംവിധാനങ്ങൾ കുറവ്.
∙ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തെ മരണനിരക്കിൽ 140% വർധന.
∙ 130% ഒരു മാസത്തിനിടെ കോവിഡ് ചികിത്സയിലുള്ളവരുടെ വർധന
∙ ഓഗസ്റ്റ് 29ന്21,532, സെപ്റ്റംബർ 26ന് 49,551.
തിരുവനന്തപുരം ∙ കേരളത്തിൽ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കോവിഡ് ബാധിതരും ഉണ്ടാകാമെന്ന് വിദഗ്ധർ. ഐസിഎംആർ ദേശീയതലത്തിൽ നടത്തിയ രണ്ടാമത്തെ സീറോളജിക്കൽ സർവേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പുറത്തുവന്നാൽ ഈ കണക്കിൽ മാറ്റങ്ങളുണ്ടാകാം.
ഐസിഎംആർ സർവേയിൽ പരിശോധിച്ചവരിൽ 6.6% പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തിൽ ആകെ 21.78 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തിൽ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതർ 59,640 ആയിരുന്നു.
ടെസ്റ്റുകൾ നടത്തുന്നതിലുള്ള പ്രാദേശിക വ്യത്യാസങ്ങളും സീറോളജിക്കൽ സർവേ നടത്തിയ മേഖലകളുടെ പ്രത്യേകതയുമൊക്കെ കണക്കിൽ മാറ്റംവരുത്താനിടയുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് സർവേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആർ പുറത്തുവിട്ടിട്ടില്ല.