കാസര്‍കോട്: കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്താന്‍ എത്തിയ സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള ആളുകള്‍ തലപ്പാടിയില്‍ കേരള അതിര്‍ത്തയില്‍ കുടുങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇത്തരത്തില്‍ ഒട്ടനവധി ആളുകള്‍ അതിര്‍ത്തിയിലെത്തിയതോടെ ഇവരെ കടത്തി വിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇവര്‍ ദുരിതം അനുഭവിക്കുകയും ചെയ്തു.
നോര്‍ക്ക റൂട്ട് വഴി രജിസ്ട്രേഷന്‍ ഇവര്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ യാത്ര പുറപ്പെട്ടു പകുതി വഴി പിന്നിട്ടപ്പോള്‍ തങ്ങളുടെ അനുമതി അപേക്ഷ തള്ളിയതായി മൊബൈലില്‍ മെസേജ് വരുകയായിരുന്നുവെന്നും, വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.അതെ സമയം കൃത്യമായി അനുമതി ലഭിക്കാതെ അതിര്‍ത്തിയില്‍ വന്നാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന വാദമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ നാല് വിദ്യാര്‍ഥിനികളെ ഇന്നലെ ഉച്ചയോടെയാണ് അധികൃതര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ അതിര്‍ത്തി കടത്തി വിട്ടത്.
അതിര്‍ത്തി കടന്നെത്തുന്നവരുടെ ജില്ലയിലെ കലക്ടര്‍മാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിപ്പിക്കാത്തതെന്ന വിവരവും അതിനിടെ പുറത്തു വന്നിരുന്നു. സംഭവം വാര്‍ത്തയായതോടെ കാസര്‍കോട് ജില്ലയിലുള്ളവരെ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്ര ശേഖരനും, കാസര്‍കോട് കലക്ടറും ഇടപ്പെട്ടു ജില്ലയിലേക്ക് പ്രവേശിപ്പിച്ചു.

അതെ സമയം തെക്കന്‍ ജില്ലകളിലേക്ക് പോകേണ്ട ഒട്ടനവധി ആളുകള്‍ പാസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെയും ദുരിതം പേറി.മഹാരാഷ്ട്രയില്‍ നിന്നുള്‍പ്പെടെ ദീര്‍ഘ ദൂര യാത്ര ചെയ്തു വന്നവരാണ് അതിര്‍ത്തിയില്‍ രാവും പകലും പ്രയാസം നേരിടുന്നത്.ഇവര്‍ക്ക് ഒന്ന് ഇരുന്നു വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ പോലും തലപ്പാടിയില്‍ ലഭ്യമല്ല.