ന്യൂഡല്‍ഹി: ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയോട് ചേര്‍ന്ന് വ്യോമാഭ്യാസ പ്രകടനവുമായി ചൈന. അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ – ചൈന ഉന്നതതല ചര്‍ച്ച ഇന്ന് നടക്കും. അക്സായ് ചിന്‍ മേഖലയിലൂടെയുള്ള വിമാനങ്ങളുടെ അഭ്യാസപ്പറക്കല്‍ മുന്‍ നിശ്ചയ പ്രകാരമുള്ളതെന്നാണ് അവരുടെ വാദം.

മേയ് ഒന്നാംവാരം സംഘര്‍ഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ മുന്‍പു ചര്‍ച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അതിര്‍ത്തിപ്രശ്നം പൂര്‍ണമായും ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.