സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വിവധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള മഴ മുന്നറിയിപ്പിൽ കാലവർഷം തീവ്രമാകുമെന്ന സൂചനയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 

വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (18.07.2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 

കനത്തമഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (2024 ജൂലൈ 19) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. 

മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കാസർഗോഡ്

ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ   അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്ഇ   സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19, 2024) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല

വയനാട്

വയനാട് ജില്ലയിൽ  ശക്തമായ മഴ തുടരുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ  (19-07-2024, വെള്ളിയാഴ്ച) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ (MRS), നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല.

ഓറഞ്ച് അലർട്ട്

18-07-2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ്
19-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

18-07-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
19-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. 

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.