അതിർത്തിയിൽ ശാന്തത നിലനിർത്താനും സംഘർഷച്ചൂട് കുറയ്ക്കാനും ഇന്ത്യ – ചൈന ധാരണ. കടുത്ത തിരിച്ചടി നൽകുമെന്ന പരസ്യപ്രഖ്യാപനങ്ങൾക്കിടെ ഇന്നലെ ഉച്ചയോടെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ ടെലിഫോൺ ചർച്ചയിലാണ് ഈ ധാരണ.
ചൈനയുടെ ഭാഗത്തുനിന്നു പുനരാലോചന ഉണ്ടാകണമെന്നു ചർച്ചയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു. ഇന്ത്യയാണു പ്രകോപനം സൃഷ്ടിച്ചതെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ചർച്ചയിൽ കുറ്റപ്പെടുത്തി. ഗൽവാനിലെ അസാധാരണ സംഭവങ്ങൾ ഉഭയബന്ധത്തെ ബാധിക്കുമെന്നു ജയശങ്കറും പറഞ്ഞു. വാംഗ് യി ഇങ്ങോട്ടു വിളിച്ചായിരുന്നു സംഭാഷണം.
ശക്തമായി തിരിച്ചടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ പറഞ്ഞെങ്കിലും ചൈനയെ കുറ്റപ്പെടുത്തിയില്ല. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ചൈനയെ പരാമർശിക്കാതെയാണു പ്രസ്താവന നടത്തിയത്.
പ്രതിരോധമന്ത്രി ഇന്നലെയും സംയുക്ത സേനാമേധാവിയോടും മൂന്നു സേനാ വിഭാഗങ്ങളുടെ മേധാവികളോടും ചർച്ച നടത്തി. മൂന്നു സേനകൾക്കും ജാഗ്രതാനിർദേശം നൽകി. അതിർത്തിയിലേക്ക് ആയുധങ്ങൾ നീക്കാൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ലഡാക്കിലെ ഗൽവാനിൽ തിങ്കളാഴ്ച രാത്രി ചൈനീസ് സേനയുടെ ആക്രമണത്തിൽ ഒരു കേണൽ അടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. എൺപതോളം സൈനികർക്കു പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്.
ചൈനീസ് പക്ഷത്ത് 43 പേർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യൻ സർക്കാരിനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ടായിരുന്നു. ഇന്നലെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ചൈനീസ് പക്ഷത്ത് 35 മരണമാണ് പറയുന്നത്. കേണലിനു തുല്യറാങ്കിലുള്ള ഒരു കമാൻഡറും ചൈനീസ് പക്ഷത്തു കൊല്ലപ്പെട്ടു.
ഗൽവാനിൽ ചൈനീസ് സേന സമ്മതിച്ച പിന്മാറ്റം ശരിയായി നടന്നോ എന്നു വിലയിരുത്താൻ പോയ സംഘത്തെയാണ് ആക്രമിച്ചത്. നൂറുകണക്കിനു പേർ ആക്രമിക്കാൻ എത്തി. രാത്രി മുഴുവൻ നീണ്ടു സംഘട്ടനം. ചൊവ്വാഴ്ച പകൽ മേജർ ജനറൽ തലത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് മൃതദേഹങ്ങൾ വീണ്ടെടുത്തത്. നിരവധി പേർക്കു ഗൽവാൻ നദിയിൽ വീണായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയോടെ സംഘർഷമേഖലയിൽനിന്ന് ഇരുസേനകളും പിന്മാറി എന്നാണ് ഇന്ത്യൻ സൈനിക വക്താക്കൾ അറിയിച്ചത്. ബുധനാഴ്ച ലഡാക്കിൽ സംഘർഷമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.