അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ്ബാധ തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും കഴിഞ്ഞ ശനിയാഴ്ച മുതല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര് കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നിരോധനാജ്ഞ. റോഡുകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റു തുറന്ന സ്ഥലങ്ങളിലും അഞ്ചുപേരിലധികം കൂട്ടംകൂടുന്നത് പൂര്‍ണമായും തടയുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ശരിയായ അര്‍ത്ഥത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന തരത്തില്‍ വിസ്തീര്‍ണമുള്ള കടകള്‍ക്കുള്ളില്‍ ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ ആള്‍ക്കാരെ പ്രവേശിപ്പിക്കാം. മറ്റുള്ള ഉപഭോക്താക്കള്‍ കടകള്‍ക്കു വെളിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് വരിയായി കാത്തുനില്‍ക്കേണ്ടതാണ്. വാഹനങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ചു യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം. പൊതുഗതാഗതത്തിനുള്ള വാഹനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും കൊവിഡ് സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ആരാധനാസ്ഥലങ്ങളില്‍ പരമാവധി ഇരുപത് പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെറിയ ആരാധനാലയങ്ങളില്‍ എണ്ണം അതിനനുസരിച്ച് കുറയ്ക്കേണ്ടതാണ്. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.