തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി ക്ലാസ്സെടുത്ത അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിച്ച സൈബര്‍ പോരാളികള്‍ കുടുങ്ങും. സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. വനിതാ കമ്മീഷനും യുവജനകമ്മീഷനും സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും ഒന്നടങ്കം പ്രതിഷേധം.

ജൂണ്‍ ഒന്നിന് ആണ് കൈറ്റിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. ഒന്നാംക്ലാസ്സിലെ പാഠഭാഗങ്ങളുടെ ഭാഗമായി പൂച്ചയുടെ കഥ രസകരാമി പഠപിച്ച അധ്യാപിക സായി ശ്വേതയ്‌ക്കെതിരെ ആണ് ആദ്യം ട്രോളുകള്‍ പ്രചരിച്ചത്. പിന്നാലെ ക്ലാസ്സുകള്‍ എടുത്ത മറ്റ് അധ്യാപകര്‍ക്കെതിരെ മോശം പരാമര്‍ശങ്ങളുമായി ട്രോളുകളും വീഡിയോകളും വ്യാപകമായി പ്രചരിച്ചു.ഒരു അധ്യാപകയുടെ ചിത്രം ഉപയോഗിച്ച്‌ നൂറുകണക്കിന് വ്യാജ പ്രൊഫൈലുകള്‍ ഫെയിസ് ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും രൂപപ്പെട്ടുത്തി. നിമിഷ നേരത്തിനുള്ളില്‍ ഇത് വ്യാപകമായി പ്രചരിച്ചു. പിന്നാലെ അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളുമായി ചിലര്‍ എത്തി. ഇതോടെ സോഷ്യല്‍ മീഡിയില്‍ വ്യാപക പ്രതിഷേധം ഉയരുകായിരുന്നു. സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കമെന്നും ആവശ്യം ഉയര്‍ന്നു. തുടര്‍ന്നാണ് നടപടിയുമായി പോലീസും വിവധ കമ്മീഷനുകളും രംഗത്ത് എത്തിയത്.

ഇന്നലെ രാവിലെ കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കി. തുടര്‍ന്ന് സൈബര്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേരള വനിതാ കമ്മീഷന്‍ സ്വമേധയാആണ് കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാക്മ്മീഷന്‍ അറിയിച്ചു. യുവജനകമ്മിഷനും സ്വമേധയാ കേസ് എടുത്തു പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ഈ വിഷയത്തില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും യുവജനകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അധ്യാപകരെ അഭിനന്ദിച്ചും സൈബര്‍ കുറ്റവാളികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയും നിരവധിപേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കെതിരെ വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാമെന്നാണ് നിരവധിപേര്‍ സാമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അധ്യാപകരുടെ ക്ലാസ്സുകള്‍ ആസ്വദിക്കുന്ന കുട്ടികളുടെ നിരവധി വീഡിയോകളും നിരവധിപേര്‍ പങ്കുവയച്ചിട്ടുണ്ട്.