ബിനീഷ് കൊടിയേരിയുടെ മൊഴി വിശ്വസിക്കാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെ ഇ.ഡിയുടെ ബംഗലൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യും.

ബിനീഷിനെ ഇന്നലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തത്. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. അനൂപിന് 6 ലക്ഷം രൂപ മാത്രം നൽകിയിട്ടുള്ളെന്ന് ബിനീഷ് മൊഴി നൽകിയിരുന്നു. എന്നാൽ അനൂപ് ഇ.ഡി ഉദ്യോഗസ്ഥരോട് മൊഴി നൽകിയത് ബിനീഷ് 50 ലക്ഷം രൂപ നൽകിയെന്നാണ്.

കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തപ്പോഴും അനൂപ് മുഹമ്മദിന് ബൊമ്പനഹള്ളിയിൽ ഹോട്ടൽ ആരംഭിക്കാൻ ആറ് ലക്ഷം രൂപയേ നൽകിയുള്ളുവെന്നായിരുന്നു ബിനീഷിന്റെ മൊഴി. ഈ മൊഴിയിൽ തന്നെ നിലവിൽ ഉറച്ച് നിൽക്കുകയാണ് ബിനീഷ് കോടിയേരി.

അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് പലഘട്ടങ്ങളിലായി 70 ലക്ഷം രൂപ വന്നിട്ടുണ്ട്. ഈ പണം ആരൊക്കെ നൽകിയതാണ് എന്നും, മയക്കുമരുന്നിന്റെ വാങ്ങൽ-വിൽപ്പന എന്നിവയ്ക്കാണോ ഈ പണം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.