അന്തരിച്ച ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ടരക്ക് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.
മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍,മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാര്‍ മാത്യു അറയ്ക്കല്‍ അനുശോചനസന്ദേശം നല്‍കും. സംസ്കാര ശുശ്രൂഷകള്‍ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്. ഒന്നാം ഘട്ടം കുഞ്ചിത്തണ്ണിയിലെ ഭവനത്തില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ നടന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ 20 പേര്‍ മാത്രമാണ് പങ്കെടുക്കുക. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എംഎം മണിയും ജില്ലാ കളക്ടറും പങ്കെടുക്കും. മൂവാറ്റുപുഴ നിര്‍മല ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇടുക്കി കുഞ്ചിത്തണ്ണിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനം ഒഴിവാക്കിയെന്ന് ഉത്തരവിറങ്ങിയെങ്കിലും മുന്‍ ബിഷപ്പിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി വൈദികരും കന്യാസ്ത്രീകളും മൂവാറ്റുപുഴയിലെ നിര്‍മല ആശുപത്രിയിലേക്കെത്തി.