ഹൈദരാബാദ്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പെടുത്തിയ ലോക്ഡൗണിനെത്തുടര്‍ന്ന് കാല്‍നടയായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും ഭക്ഷണവും നല്കാന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡി.
ഞായറാഴ്ച ചേര്‍ന്ന ഔദ്യോഗിക അവലോകന യോഗത്തിലാണ് ഒരു അന്തര്‍സംസ്ഥാന തൊഴിലാളി പോലും സ്വന്തം നാട്ടിലേക്ക് കാല്‍നടയായി മടങ്ങുന്ന അവസ്ഥയുണ്ടാകരുതെന്ന് ജഗന് നിര്‍ദേശിച്ചത്. ഒഡീഷ ഭാഗത്ത് നിന്ന് ആന്ധ്രയിലൂടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി സംസ്ഥാന അതിര്‍ത്തി വരെ ബസ് സര്‍വിസ് ഏര്‍പെടുത്താനും ഭക്ഷണം നല്‍കാനുമാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിവിധ ഹൈവേകളില്‍ ബസുകള്‍ തയാറാക്കി നിര്‍ത്തിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ടി. കൃഷ്ണ ബാബു പറഞ്ഞു. അന്തര്‍ സംസ്ഥാന ചെക്ക്പോസ്റ്റുകള്ക്കരികെ 79 ഭക്ഷണ കൗണ്ടറുകളും തയാറാക്കിയിട്ടുണ്ട്. ആന്ധ്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായാണ് സേവനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശ്രമിക് ട്രെയിനുകളില്‍ മടങ്ങുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷനുകള്‍ വരെ യാത്ര സൗജന്യമായിരിക്കും.
ശ്രീകാകുളം, ഓന്‍ഗോള്‍ മേഖലയില്‍ നിന്നുള്ള 902 തൊഴിലാളികള്‍ക്ക് ശനിയാഴ്ച ഈ സൗകര്യങ്ങള്‍ ഒരുക്കിയതായി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഞായറാഴ്ച ഗുണ്ടൂരില്‍ നിന്നും 450 പേരെയും കൃഷ്ണ ജില്ലയില്‍ നിന്ന് 52പേരെയും സ്വന്തം നാടുകളിലെത്തിച്ചു.