കൊച്ചി: അന്യ സംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നഴ്സുമാരുടെ പ്രശ്നങ്ങള്‍ അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംഘടനയ്ക്കും സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫിസര്‍മാര്‍ക്കു മുന്പില് ഉന്നയിക്കാവുന്നതാണെന്നു ഹൈക്കോടതി പറഞ്ഞു. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവപൂര്‍വം പരിഗണിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കു വേണ്ട നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുമെന്നു കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
രോഗബാധിതരും ടെസ്റ്റിനു നിര്‍ദേശിച്ചിട്ടുള്ളതുമായ മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റിസ് പി. വി. ആശ, ജസ്റ്റിസ് വി. ഷെര്‍സി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. കുടുങ്ങിപ്പോയവരെ സ്വദേശത്തു തിരിച്ചെത്തിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാന്‍ 29നു കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് അറിയിച്ചു.
ആവശ്യക്കാര്‍ക്ക് ഈ നോഡല്‍ ഓഫിസര്‍മാരെ ബന്ധപ്പെടാനാകും. സംസ്ഥാനങ്ങള്‍ പരസ്പരം ഏകോപിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടത്. ആവശ്യമെങ്കില്‍ സഹായിക്കാന്‍ കേന്ദ്രം തയ്യാറാണ്. നേരത്തേ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കേന്ദ്രം ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു.