ന്യൂഡല്‍ഹി: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുടെ രോഗം വേഗം ഭേദമാകട്ടെയെന്ന് ഗൗതം ഗംഭീര്‍ എംപി. അഫ്രീദിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടേയെന്ന് ഗംഭീര്‍ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഒരാള്‍ക്ക്‌പോലും രോഗം ബാധിക്കാതിരിക്കട്ടെ. അഫ്രീദിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാകണമെന്നാണ് ആഗ്രഹം. അഫ്രീദി മാത്രമല്ല, എന്റെ രാജ്യത്തെ വൈറസ് ബാധിതരെല്ലാവരും രോഗമുക്തരാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. ഗംഭീര്‍ പറഞ്ഞു. അതേസമയം, ഇന്ത്യയെ സഹായിക്കാമെന്ന് അറിയിച്ച പാകിസ്താന് ഗംഭീര്‍ മറുപടി നല്‍കി. ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരത പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അഫ്രീദിക്ക് കൊറോണ സ്ഥിരീകരിച്ചത്. അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് അഫ്രീദിക്ക് കൊറോണ സ്ഥിരീകരിച്ചത്. പാക് അധീന കശ്മീരിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഫ്രീദി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.