- അനിൽ ആറന്മുള
ന്യൂയോര്‍ക്ക് : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലം അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നും അതിനായി പരിശ്രമിക്കുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. അതോടൊപ്പം കേരളത്തിലെത്തുന്ന വിദേശ മലയാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്നു നോർക്ക ചെയർമാൻവരദരാജന്‍ നായർ അറിയിച്ചു.
അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കോവിഡ് സംവാദ പരമ്പരയുടെ ഭാഗമായി ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. കൊറോണ കാലത്ത് അമേരിക്കയില്‍ അധിവസിക്കുന്ന മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നുവെന്നും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കായി കഴിയുംവിധം പരിശ്രമിക്കുമെന്നും ശ്രി പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി. കൊറോണ വ്യാപന ഭീഷണി നിലനില്‍ക്കുന്ന ഈ സമയത്ത് കേരളത്തിലെത്തുന്ന വിദേശ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും പ്രവാസിയുടെ സ്വത്തും കുടുംബവും നാട്ടില്‍ സുരക്ഷിതമായിരിക്കുമെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നോര്‍ക്ക വൈസ്‌ചെയര്‍മാന്‍ വരദരാജന്‍ നായര്‍ വ്യക്തമാക്കി. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക എല്ലാവിധ പിന്തുണയും നല്‍കിവരുന്നതായും അദ്ദേഹം അറിയിച്ചു.
കേരളത്തിന്റെ വളര്‍ച്ചയില്‍ വിദേശമലയാളികള്‍ നല്‍കിയ സംഭാവനകള്‍ പ്രശംസനീയമാണെന്നും അതുകൊണ്ടുതന്നെ അവരുടെ ക്ഷേമം ഉറപ്പാക്കുക ഓരോ മലയാളിയുടെയും കര്‍ത്തവ്യമാണെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി അഭിപ്രായപ്പെട്ടു. ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍നായര്‍ നേതൃത്വം കൊടുത്ത കോണ്‍ഫറന്‍സ് സുപ്രസിദ്ധ ഗായകന്‍ ബിനോയ് ചാക്കോയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ആരംഭിച്ചത്. കോവിഡ് 19 ബാധ മൂലം മരണമടഞ്ഞ അമേരിക്കന്‍ മലയാളികള്‍ക്ക് ചടങ്ങ് അനുശോചനമറിയിച്ചു. രോഗഭീഷണിക്ക് നടുവിലും രോഗബാധയേറ്റവരെ നിസ്വാര്‍ത്ഥമായി ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഡോക്ടർമാരും നേഴ്‌സുമാരും മറ്റു ആരോഗ്യപ്രവർത്തകരും അടങ്ങുന്ന സമൂഹത്തിന് ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി ബിഗ് സല്യൂട്ട് അര്‍പ്പിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരും നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.
പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ കോണ്‍ഫറന്‍സില്‍ സജീവവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ക്ക് വിഷയമായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍ നായര്‍, വിശിഷ്ടാതിഥിയായി പങ്കെടുത്ത മേജര്‍ രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി. ഫൊക്കാനയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിവരുന്ന കൊറോണ ആര്‍മിയുടെ ആഭിമുഖ്യത്തില്‍ ഇനിയും ഇത്തരം സജീവ സംവാദങ്ങള്‍ തുടരുമെന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രവാസി സമൂഹത്തിന്റെ അഭ്യുന്നതിക്കായി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ പ്രസിഡന്റ് ബി. മാധവന്‍ നായര്‍ പറഞ്ഞു.
ഫൊക്കാന കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമന്‍ സി. ജേക്കബ്, സെക്രട്ടറി ടോമി കക്കാട്, മുന്‍ പ്രസിഡന്റുമാരായ മറിയാപിള്ള, കമാന്‍ഡര്‍ ജോര്‍ജ് കോരാത് എന്നിവരും സംസാരിച്ചു. ജോര്‍ജി വര്‍ഗീസ്, ബിജു മാത്യു, ഫ്രാന്‍സിസ് തടത്തില്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ബൈജു പകലോമറ്റം, വര്‍ഗീസ് സാമുവേല്‍, സണ്ണി മാറ്റമന, ഡോ. സാം ജോസഫ്, ഗ്രേസ് മരിയ ജോസഫ്, വിപിന്‍രാജ്, ബിജു ജോര്‍ജ്ജ് എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഡോ. രഞ്ജിത് പിള്ള, പ്രവീണ്‍ തോമസ്, ഡോ. കലാ ഷാഹി എന്നിവര്‍ മോഡറേറ്ററായിരുന്നു. ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ പ്രക്കാനം നന്ദി രേഖപ്പെടുത്തി.