അമേരിക്കയിൽനിന്നും കേരളത്തിലേക്ക് രണ്ടു വിമാന സർവീസുകൾക്കു കൂടി അനുമതിയായി. സാൻ ഫ്രാൻസിസ്കോ , ഷിക്കാഗോ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് കൊച്ചിയിലേക്കാണ് സർവീസുകൾ. ഫോമാ നേതാക്കൾ കേന്ദ്ര മന്ത്രി വി മുരളീധരനുമായി നടത്തിയ വെബിനാറിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

കേരളത്തിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ട രോഗികളും ഗർഭിണികളും കുട്ടികളുമായി നിരവധി യാത്രക്കാരുണ്ടെന്നും അവരുടെ പരിതാപകരമായ അവസ്ഥയും മന്ത്രിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മേയ് 23 നു ആദ്യ വിമാനം അനുവദിച്ചിരുന്നത് . എങ്കിലും ഇതിന്‍റെ അപര്യാപ്തത ഫോമാ നേതൃത്വം മന്ത്രിയെ വീണ്ടും ബോധ്യപ്പെടുത്തിയതിനെതുടർന്നു മന്ത്രിയുടെ പ്രത്യേക ഇടപെടൽ മൂലം കൂടുതൽ വിമാനങ്ങൾ അനുവദിച്ചത്.

ടി. ഉണ്ണികൃഷ്ണൻ ആണ് ഫോമായ്ക്കുവേണ്ടി ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇന്ത്യയിലെ മറ്റുപല നഗരങ്ങളിലേക്കും നേരിട്ടു വിമാനസർവീസുകൾ നിലവിൽ വരാത്ത സാഹചര്യത്തിൽ കേരളത്തിലേക്ക് നേരിട്ട് മൂന്നു വിമാനങ്ങൾ അനുവദിച്ചതിൽ ഫോമാ എക്സിക്യൂട്ടീവ് മന്ത്രിക്ക് പ്രത്യേകം നന്ദി അറിയിച്ചു.

മറ്റു സാധാരണ യാത്രാ വിമാന സർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് മന്ത്രി സഭാ തലത്തിൽ ഇതുവരെ യാതൊരു തീരുമാനങ്ങളും എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു . വിദേശ കാര്യ സഹമന്ത്രി എന്ന നിലയിൽ അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ ഫോമാവഴി അറിയുവാനും പരിഹരിക്കുവാനും കഴിയുന്നത് സന്തോഷകരമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . അമേരിക്കയിൽ നിന്നും അടിയന്തര സാഹചര്യത്തിൽ നാട്ടിലേക്ക് പോകേണ്ടവരുടെ ശരിയായ വിവരങ്ങൾ അറിയുന്നതിനായി ഫോമാ നിരവധി കോൺഫറൻസു കൾ സംഘടിപ്പിച്ചു. കൊറോണാ വ്യാപനം മൂലം വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന അമേരിക്കൻ മലയാളികൾക്ക് വേണ്ടി ഫോമാ ചെയ്യുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രത്യേകം പ്രശംസിച്ചു..

കോവിഡ് 19 – ഫോമാ കമ്മ്യൂണിറ്റി ടാസ്‌ക് ഫോഴ്‌സ് നാഷണൽ കോഓർഡിനേറ്റർ ജിബി തോമസ് , ജോസ് മണക്കാട് , ബൈജു വർഗീസ് , ഉണ്ണികൃഷ്ണൻ , ആഞ്ചെല സുരേഷ്, എന്നിവരും ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിൻസൻറ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്‍റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയും മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.