വാഷിങ്ടൻ ഡിസി ∙ പോപ്പ് ഫ്രാൻസിസ് ഞായറാഴ്ച നാമനിർദേശം ചെയ്ത 13 കർദിനാളുമാരിൽ അമേരിക്കയിൽ നിന്നുള്ള ആദ്യ കറുത്ത വർഗക്കാരനായ ആർച്ച് ബിഷപ്പും ഉൾപ്പെടുന്നു. വാഷിങ്ടൻ ഡിസിയിലുള്ള ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറിയെയാണ് (73) പോപ്പ് കർദിനാളുമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
13 കർദ്ദിനാളുമാരുടെയും സ്ഥാനാരോഹണം നവംബർ 28ന് വത്തിക്കാനിൽ നടക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിലുള്ള സ്റ്റുഡിയോ വിൻഡോയിൽ വച്ചാണ് പോപ്പ് അപ്രതീക്ഷിതമായി പുതിയ 13 കർദിനാളുമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.
സ്വവർഗത്തിൽപെട്ടവരുടെ സിവിൽ യൂണിയനെ പിന്തുണച്ചുകൊണ്ടു പോപ്പ് പ്രഖ്യാപനം നടത്തിയപ്പോൾ ആദ്യമായി പോപ്പിനെ അഭിനന്ദിച്ചു പ്രസ്താവനയിറക്കിയത് ഇപ്പോൾ കർദിനാളായി അമേരിക്കയിൽ നിന്നും നോമിനേറ്റ് ചെയ്ത ആർച്ച് ബിഷപ്പ് വിൽട്ടനായിരുന്നു. അമേരിക്കയിലുള്ള എൽജിബിട്ടി വിഭാഗം വിൽട്ടന്റെ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തു.
കഴിഞ്ഞ വർഷം ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്ത വിൽട്ടൺ അമേരിക്കയിൽ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ ആദ്യ കറുത്തവർഗ്ഗക്കാരനായിരുന്നു. ഷിക്കാഗോയിൽ ജനിച്ച വിൽട്ടൺ 1973 ലാണ് പൗരോഹിത്യ പദവയിലേക്ക് പ്രവേശിച്ചത്.