സം​ഗീതലോകത്ത് ചർച്ചയായി പോപ് ഇതിഹാസം മഡോണയുടെ മകൻ ഡേവിഡ് ബാന്ദയുടെ വെളിപ്പെടുത്തലുകൾ. അമ്മയുടെ അടുത്തുനിന്ന് മാറിയതോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായെന്നും ആഹാരം കഴിക്കാൻപോലും പണം തികയുന്നില്ലെന്നും ഡേവിഡ് പറഞ്ഞു. ദ സൺ യുകെ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡേവിഡിന്റെ ഈ തുറന്നുപറച്ചിൽ. അമ്മയായ മഡോണയുടെ ആസ്തി എത്രയെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ജീവിതരീതിയെ പോസിറ്റീവായാണ് കാണുന്നതെന്ന് ഡേവിഡ് ബാന്ദ പറഞ്ഞു. അമ്മയുടെ അടുത്തുനിന്ന് മാറി ന്യൂയോർക്കിലെ ദി ബ്രോങ്ക്സ് അപ്പാർട്ട്മെന്റിലാണ് ഇപ്പോൾ ഡേവിഡ് താമസിക്കുന്നത്. ഓൺലൈനായി ​ഗിറ്റാർ പഠിപ്പിച്ചുകിട്ടുന്നതാണ് ഏക വരുമാനമാർ​ഗം. ഈ ജീവിതം താനിഷ്ടപ്പെടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ചില ദിവസം രാത്രി ഒൻപത് മണിയാവുമ്പോൾ നല്ല വിശപ്പുതോന്നും. അപ്പോഴാണ് ഭക്ഷണം വാങ്ങാനുള്ള കാശ് തികയില്ലെന്ന് മനസിലാവുക. യുവാവായിരിക്കുന്നത് രസകരമായ കാര്യമാണ്.” ഡേവിഡ് ബാന്ദ പറഞ്ഞു. 

ജോഷ് പോപ്പറുമായി വേർപിരിഞ്ഞ ശേഷം തന്റെ അമ്മയായ മഡോണയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അഭിമുഖത്തിൽ ബാന്ദ വെളിപ്പെടുത്തി. “സത്യം പറയുകയാണെങ്കിൽ അവർ ഒറ്റയ്ക്ക് ജീവിയ്ക്കുകയല്ല. അവർ മറ്റൊരാളുമായി പ്രണയത്തിലാണ്. അതാണ് അവരുടെ ജീവിതം. എന്ത് ചെയ്യാൻ തോന്നുന്നുവോ അത് അവർ ചെയ്തിരിക്കും.” ഡേവിഡ് ബാന്ദ കൂട്ടിച്ചേർത്തു.

മരിയ എന്ന തന്റെ കാമുകിയെക്കുറിച്ചും ഡേവിഡ് ബാന്ദ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. മലാവിയിൽനിന്ന് 2006-ൽ മഡോണ ദത്തെടുത്തതാണ് ഡേവിഡ് ബാന്ദയെ. ഹോളിവുഡ് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ ​ഗൈ റിച്ചിയായിരുന്നു ഈ സമയം മഡോണയുടെ പങ്കാളി. ഡേവിഡിനെ കൂടാതെ റോക്കോ റിച്ചി, മേഴ്സി ജെയിംസ്, ലോർഡ്സ് ലിയോൺ എന്നീ മക്കളുമുണ്ട് മഡോണയ്ക്ക്