ന്യൂഡൽഹി: രാജ്യത്ത് അഞ്ചാംഘട്ട അൺലോക്ക് ഇളവുകൾ സംബന്ധിച്ച മാർഗ രേഖ പ്രഖ്യാപിച്ചു. ഇളവുകളുടെ ഭാഗമായി രാജ്യത്ത് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനം. ഒക്ടോബർ 15 ന് ശേഷം ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. സ്കൂളുകളിൽ എത്തണമെന്ന് വിദ്യാർത്ഥികളെ നിർബന്ധിക്കാൻ പാടില്ലെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
കൂട്ടായ്മയ്ക്ക് 100 പേർ എന്ന നിയന്ത്രണത്തിലും ഇളവുകൾ വരുത്തിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിൽ 200 പേർക്ക് പ്രവേശിക്കാം. തുറന്ന ഹാളുകലിൽ കൂടുതൽ പേർക്ക് പ്രവേശിക്കാം. രാജ്യത്തെ തിയറ്ററുകളും മൾട്ടിപ്ലക്സുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. കായിക താരങ്ങളെ പരിശീലിപ്പിക്കാൻ നീന്തൽ കുളവും തുറക്കാം. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ബിസിനസ് ടു ബിസിനസ് എക്സിബിഷൻ കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നടത്താം.