വത്തിക്കാന്‍ സിറ്റി: അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സുമാരും മിഡ് വൈഫുകളെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ അന്തർദേശീയ നേഴ്സ്മാരുടെ ദിനത്തില്‍ സന്ദേശം നല്കുകയായിരിന്നു പാപ്പ. അവരുടെ വിശ്വസ്ത സേവനത്തിന്റെ തെളിവാണ് വൈറസ് ബാധയേറ്റ് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന നിരക്കെന്നും, അവർക്കായി പ്രാർത്ഥിക്കുന്നെന്നും ഉത്ഥിതനായ കർത്താവിന്റെ സ്വർഗ്ഗീയ പ്രകാശവും അവരുടെ കുടുംബങ്ങൾക്ക് വിശ്വാസത്തിന്റെ സമാശ്വാസവും നേരുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു.

അനുദിനം വേദനിക്കുന്നവരുമായുള്ള സംസർഗ്ഗത്തിലായിരിക്കാനുള്ള പ്രത്യേകതരം വിളിയോടു “അതേ” എന്നു പറയാൻ വിളിക്കപ്പെട്ടവരായ അവർ, നല്ല സമറിയാക്കാരനെപ്പോലെ ജീവനെയും മറ്റുള്ളവരുടെ സഹനത്തെയും കരുതുന്ന, ജീവന്റെ കാവൽക്കാരും സംരക്ഷരരാണെന്നും, അവർ ധൈര്യവും, പ്രത്യാശയും വിശ്വാസവും ചികിൽസയോടൊപ്പം നൽകുന്നുവെന്നും സ്മരിച്ചു.

ധാർമ്മീക ഉത്തരവാദിത്വമാണ് അവരുടെ തൊഴിലിന്റെ മുഖമുദ്ര. അതിനെ ശാസ്ത്രീയ സാങ്കേതിക അറിവിലേക്ക് മാത്രമായി ഒതുക്കരുത്. ജനനം മുതൽ മരണം വരെയുള്ള ഓരോ ഘട്ടങ്ങളിലുമുള്ളവരെ നിരന്തരമായി കേൾക്കാനും, രോഗികൾക്ക് ഓരോ സാഹചര്യത്തിലും ആവശ്യമായവ നൽകാനും വിവേചിച്ചറിയാനുള്ള ശ്രമങ്ങളും വ്യക്തിപരമായ കരുതലും നേഴ്സുമാര്‍ക്ക് ആവശ്യമാണെന്നും പാപ്പ വ്യക്തമാക്കി. സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ സംരക്ഷണത്തിനായുള്ള അവരുടെ പ്രവർത്തനത്തിന് നന്ദി അറിയിച്ച പാപ്പ തന്റെ പ്രാർത്ഥന ഉറപ്പു നൽകിക്കൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.