ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ അഞ്ച് പേര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പൈലറ്റുമാരെ കൂടാതെ എന്‍ജിനീയര്‍, ടെക്നീഷ്യന് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇവര്‍ മെഡിക്കല്‍ സാമഗ്രികളുമായി ചൈനക്ക് പോയ ദൗത്യത്തില്‍ പങ്കാളികളായിരുന്നു. 20 ദിവസം മുന്‍പായിരുന്നു ദൗത്യം. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്ബ് നടത്തിയ പ്രീ-ഫ്ളൈറ്റ് കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്താനായത്. ആര്‍ക്കും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും യാത്രക്കും മുമ്ബും ശേഷവും കര്‍ശന ആരോഗ്യ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവരെ താമസസ്ഥലങ്ങളിലേക്ക് വിടാറുള്ളൂ. ഫലം വരുന്നത് വരെ രണ്ട് ദിവസത്തോളം ഹോട്ടലുകളിലാണ് പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും താമസിപ്പിക്കുന്നത്.
അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും കോവിഡ് പരിശോധന നടത്തും. ഇത് നെഗറ്റീവാകുകയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളൂ.