ആലപ്പുഴ: അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കായുള്ള ടിക്കറ്റ് തുക എറണാകുളത്തും കളക്ടർ സ്വീകരിച്ചില്ല. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദാണ് അതിഥി തൊഴിലാളികൾക്കു നാട്ടിലേക്കു മടങ്ങി പോകുവാനുള്ള ടിക്കറ്റ് തുകയുമായി കളക്ട്രേറ്റിൽ എത്തിയത്.
പണം സ്വീകരിക്കുവാൻ സർക്കാരിൽ നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞുവെന്നും പണം സ്വീകരിച്ചില്ലെന്നും ടി.ജെ. വിനോദ് പറഞ്ഞു.
നേരത്തെ ആലപ്പുഴയിലും സമാന സംഭവം നടന്നിരുന്നു. ആലപ്പുഴ കോൺഗ്രസ് ജില്ലാ നേതൃത്വം അതിഥി തൊഴിലാളികൾക്കു നാട്ടിലേക്കു മടങ്ങുന്നതിനുള്ള ടിക്കറ്റ് തുകയുമായി ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. എന്നാൽ കളക്ടർ എം. അഞ്ജന തുക സ്വീകരിച്ചില്ല. കളക്ടറുടെ നിലപാടിനെ ചോദ്യം ചെയ്ത് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു രംഗത്തെത്തിയിരുന്നു.