ദമ്മാം: തിങ്കളാഴ്ച രാത്രിയില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട 24 മണിക്കൂര്‍ കര്‍ഫ്യൂവില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജനങ്ങളും ആദ്യം ഒന്ന് പരിഭ്രമിച്ചു. ഭക്ഷണവും വെള്ളവും ആവശ്യത്തിന് ശേഖരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അവര്‍ ആശങ്കയിലായി. എന്നാല്‍, രാവിലെ ആറ് മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ തൊട്ടടുത്തുള്ള കടകളില്‍നിന്ന് ഭക്ഷണ സാധനങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും വാങ്ങാമെന്നും അതിനായി മാത്രം പുറത്തുപോകാം എന്നും അറിഞ്ഞതോടെ സമാധാനമായി. ചൊവ്വാഴ്ച പുലര്‍ച്ച മുതല്‍തന്നെ നിത്യോപയോഗ സാധനങ്ങളുടെ മൊത്ത വിതരണ കേന്ദ്രങ്ങളിലും ൈഹപര്മാര്ക്കറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളില്ലാതെ വന്നവര്‍ സാധനങ്ങള്‍ തലച്ചുമടായി നടന്നുപോകുന്നതും കാണാമായിരുന്നു. ദമ്മാമിലെ മിക്ക റോഡുകളിലും പൊലീസ് പരിശോധനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഓരോവാഹനവും പരിേശാധിക്കുകയും ആവശ്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി പരിധി വിട്ടല്ല സഞ്ചരിക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്തതിനുശേഷം മാത്രമേ യാത്ര തുടരാന്‍ അനുവദിച്ചുള്ളൂ.
എന്നാല്‍, ഇത്തരം ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും അനാവശ്യമായി പുറത്തിറങ്ങി സഞ്ചരിക്കരുതെന്നും എല്ലാവരും ഒരുമിച്ച് നിന്നാലേ മഹാമാരിയെ തോല്പിക്കാനാവൂ എന്നും പൊലീസുകാര്‍ ആളുകളെ ഉപദേശിക്കുന്നുണ്ടായിരുന്നു. പരിധി ലംഘിച്ച പലര്‍ക്കും പിഴ കിട്ടുകയും ചെയ്തു. തുറന്നുവെച്ച ചില ഹോട്ടലുകളും ബൂഫിയകളും പൊലീസെത്തി അടപ്പിച്ചു. ദമ്മാം െടായോട്ടയിലെ മാംസ, മത്സ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ വലിയ തിരക്കുകള്‍ അനുഭവപ്പെട്ടു.
ആരോഗ്യമന്ത്രാലയത്തിെന്റ പ്രവര്‍ത്തകര്‍ ഇവിടങ്ങളിലെ സ്ഥതിഗതികള്‍ വീക്ഷിക്കുകയും സുരക്ഷ ക്രമീകരണങ്ങളില്‍ അല്പമെങ്കിലും വീഴ്ച വരുത്തുന്ന കടകളെ അപ്പോള്‍തന്നെ അടപ്പിക്കുകയും ചെയ്തു. എല്ലാ കടകള്‍ക്കും ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഗ്ലൗസും മാസ്ക്കും ധരിച്ച് മാത്രമേ ഉപഭോക്താക്കളെ കടകളില്‍ കയറ്റാവൂ എന്നും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.
ദമ്മാമില്‍ താമസമാക്കിയ പലരും ജോലിയുടെ ഭാഗമായി ഹര്‍ദ്, റാസല്‍ഖൈര്‍, ഫദ്ലി തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയിരുന്നു. തിരിച്ചു വരുന്നതിന് കമ്ബനി മുഖേന പൊലീസിെന്റ പ്രത്യേക അനുമതിപത്രത്തിനായി കാത്തുനില്‍ക്കുകയാണ് പലരും. കര്‍ഫ്യൂ 24 മണിക്കൂറായി ദീര്ഘിപ്പിച്ചതിെന്റ ആദ്യ ദിവസം സുരക്ഷ ഉദ്യോഗസ്ഥര്‍ ചില വിട്ടുവീഴ്ചകള്‍ നല്‍കിയെങ്കിലും വരും ദിവസങ്ങളില്‍ ഈ ഇളവുകളും ഇല്ലാതാകും എന്നാണ് ലഭ്യമാകുന്ന സൂചന.