കോഴിക്കോട്: കുന്ദമംഗലം മുറിയനാലില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടിത്തം. 11 ആഡംബര കാറുകള്‍ കത്തിനശിച്ചു. നാല് യൂണിറ്റ് അഗ്‌നിശമന സേനാഗങ്ങള്‍ രണ്ടര മണിക്കര്‍ പ്രയത്‌നിച്ചാണ് തീയണച്ചത്. മൂന്നര കോടിയുടെ നഷ്ടം കണക്കാക്കുന്നു.

കുന്ദമംഗലം കൊടുവള്ളി ദേശീയപാതയില്‍ ആഡംബ കാറുകള്‍ നന്നാക്കുന്ന എമിറേറ്റ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ഷോപ്പില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസി ഉടമയെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. പരിസരത്ത് തന്നെ താമസിക്കുന്ന ഉടമ തൃശ്ശൂര്‍ തലക്കേട്ടുകര തേര്‍മഠം വീട്ടില്‍ ജോഫി ഉടന്‍ തന്നെ സ്ഥലത്തെത്തി രണ്ട് കാറുകള്‍ പുറത്തെടുത്തു.

സമീപവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ ഒന്നൊന്നായി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച്‌ തീ ആളിപ്പടര്‍ന്നതോടെ അടുക്കാള്‍ പറ്റാതായി. ആറരയോടെ നരിക്കുനി, വെള്ളിമാട്കുന്ന്, മുക്കം എന്നിവടങ്ങളില്‍ നിന്ന് അഗ്‌നിശമന യൂണിണിറ്റുകളെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. എട്ടരയോടെ തീ പുര്‍ണമായും കെടുത്തി. ഇവരുടെ സമയോചിത ഇടപെടല്‍ തീ മറ്റിടങ്ങളിലേക്ക് പടരാതെ സഹായിച്ചു. ഇതിന് നൂറ് മീറ്റര്‍ അകലെയാണ് പെട്രോള്‍ പമ്ബുള്ളത്.

അകത്തുണ്ടായിരുന്ന പതിനൊന്ന് ബെന്‍സ് കാറുകള്‍ പൂര്‍ണമായി കത്തി നശിച്ചു. പുതിയ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഫര്‍ണിച്ചറും ചാമ്ബലായി. കെട്ടിടത്തിന്റെ ചുവരുകള്‍ക്കും വിള്ളലുണ്ടായി. നശിച്ച കാറുകള്‍ക്ക് മാത്രം രണ്ടരക്കോടിയോളം രൂപ വില വരും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

കത്തിയെരിഞ്ഞത് ജോഫിയുടെ സ്വപ്‌നവും സമ്ബാദ്യവും

അഗ്‌നിവിഴുങ്ങിയത് ജോഫി (42)യുടെ പ്രതീക്ഷകളും സമ്ബാദ്യവും. തൃശ്ശൂരില്‍ നിന്ന് 15 വര്‍ഷമായി ഇയാള്‍ കോഴിക്കോട്ടെത്തിയിട്ട്. ദീര്‍ഘകാലം ഗള്‍ഫില്‍ ബെന്‍സ് കാറുകളുടെ വര്‍ക്ക് ഷോപ്പിലായിരുന്നു ജോലി. ഇവിടെയെത്തി, സമ്ബാദ്യമെല്ലാം സ്വരുക്കൂട്ടിയാണ് സ്വന്തം വര്‍ക്ക്‌ഷോപ്പ് തുടങ്ങിയത്. വാടക വീടുകളില്‍ മാറി മാറി താമസിച്ച ജോഫി ഈയിടെയാണ് മുറിയനാലില്‍ തന്നെ സ്വന്തമായി വീടുണ്ടാക്കി താമസം തുടങ്ങിയത്. വിശ്വസ്ത സേവനം നല്‍കി സംരഭം മെച്ചപ്പെട്ട് വരികെയാണ്തീപ്പിടുത്തം. വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് ഇതോടെ കത്തിയെരിഞ്ഞത്.