വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലെ തന്റെ വസതിയില്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ തെരഞ്ഞത് അതീവ സുരക്ഷാ രേഖകളായിരുന്നെന്ന ആരോപണം അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിഷേധിച്ചു. ആണവായുധങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ക്കുവേണ്ടിയാണ് എഫ്ബിഐ റെയ്ഡ് നടത്തിയതെന്ന് ഒരു പ്രമുഖ മാധ്യമം ആരോപിച്ചിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമൊന്നുമില്ലൊന്നാണ് ട്രംപിന്റെ നിലപാട്.
ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള തന്റെ വസതിയില്‍ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെ ട്രംപ് നിശിതമായി വിമര്‍ശിച്ചു. വൃത്തികെട്ട പരിപാടിയെന്നാണ് റെയ്ഡിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
വൈറ്റ്ഹൗസില്‍നിന്ന് അനധികൃതമായി കൊണ്ടുവന്ന 15 പെട്ടി രേഖകള്‍ ഈ വര്‍ഷം ട്രംപ് തിരികെ നല്‍കിയിരുന്നു. എന്നാല്‍ വളരെ സുപ്രധാനമായ രേഖകള്‍ ഇനിയും ട്രംപിന്റെ കൈവശമുണ്ടെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ അടുത്ത വിശ്വസ്തരുടെ വെളിപ്പെടുത്തലാണോ എഫ്ബിഐ യുടെ റെയ്ഡിനു പിന്നിലെന്നു വ്യക്തമല്ല.