എറണാകുളം: കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്. കള്ളപ്പണ റെയ്ഡുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പരക്കുന്നത് വ്യാജവാര്‍ത്തയെന്ന് പി.ടി.തോമസ് പറഞ്ഞു. എറണാകുളത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

പണമിടപാട് സമയം സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എംഎല്‍എ ഓടിരക്ഷപ്പെട്ടെന്ന പേരില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച്‌ പി.ടി തോമസ് രംഗത്തെത്തിയത്. തന്റെ മുന്‍ ഡ്രൈവറുടെ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പോയിരുന്നു. താന്‍ പോയ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. എന്നാല്‍ കള്ളപ്പണത്തെക്കുറിച്ചോ മറ്റ് ഇടപാടുകളെക്കുറിച്ചോ തനിക്ക് അറിവില്ലെന്നും പി.ടി തോമസ് എംഎല്‍എ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച കള്ളപ്പണമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പണമിടപാട് സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ഓടിരക്ഷപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എം.എല്‍.എയ്‌ക്കൊപ്പം കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.