തിരുവനന്തപുരം : കോവിഡ് പ്രോട്ടോകോളില്‍ മാറ്റംവരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് രോഗികളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകള്‍ ആവശ്യമില്ല. ആദ്യ പരിശോധനാഫലം നെഗറ്റീവായാല്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യും.
ഐ.സി.എം.ആറും ലോകാരോഗ്യ സംഘടനയും നേരത്തെതന്നെ ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍, ജാഗ്രതയും നിരീക്ഷണവും ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നില്ല. എന്നാല്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്താനാണ് പുതിയ തീരുമാനം.
പല വിഭാഗങ്ങളായി തിരിച്ചാവും കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും നേരിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും പത്താം ദിവസം പരിശോധനയ്ക്ക് വിധേയരാക്കും. ആദ്യ പരിശോധനാ ഫലം നെഗറ്റീവായാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ അപ്പോള്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യും. മൂന്ന് ദിവസംകൂടി രോഗലക്ഷണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ നേരിയ രോഗലക്ഷണം ഉണ്ടായിരുന്നവരെയും ഡിസ്ചാര്‍ജ് ചെയ്യും.
കോവിഡിനൊപ്പം മറ്റുരോഗങ്ങള്‍ ഉള്ളവരെ പതിനാലാം ദിവസമാകും പരിശോധനയ്ക്ക് വിധേയരാക്കുക. ഫലം നെഗറ്റീവായാല്‍ മറ്റു രോഗാവസ്ഥകള്‍കൂടി പരിഗണിച്ചശേഷം ഡിസ്ചാര്‍ജ് സംബന്ധിച്ച തീരുമാനമെടുക്കും. ഡിസ്ചാര്‍ജിനു ശേഷം 14 ദിവസം ക്വാറന്റീനെന്ന നിബന്ധന ഒഴിവാക്കി. ഏഴ് ദിവസം അനാവശ്യ യാത്രകളും സമ്ബര്ക്കങ്ങളും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.