ലണ്ടന്‍: വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ കോവിഡ് രോഗികളില്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്നെന്ന വിവരം അസാധാരണമാണെന്ന് അമേരിക്കന്‍ ഗവേഷകന്‍ ആന്റണി ഫൗസി. അമേരിക്കയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വൈദ്യശാസ്ത്ര വിദഗ്ധനാണ് ആന്റണി ഫൗസി.
അമേരിക്കയില്‍ നടത്തിയ ആന്റിബോഡി പരിശോധനകളില്‍ ഒരു ചെറു ശതമാനം മാത്രമാണ് ശരിയായ ഫലം കണ്ടെത്തിയിട്ടുളളതെന്ന്ും ആന്റണി ഫൗസി പറഞ്ഞു.
വൈറസ് ബാധ ഉണ്ടാകുന്നവരില്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രവര്‍ത്തനമായി ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടും. അങ്ങനെ ഉണ്ടാകുന്നില്ലെങ്കില്‍ അസാധാരണവും ആശങ്കാജനകവുമാണെന്ന് ആന്റണി ഫൗസി പറയുന്നു. ആന്റിബോഡികള്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണയ പരിശോധനകള്‍ സംബന്ധിച്ച് ഈ വിവരങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ചവരില്‍ ഒരു വിഭാഗത്തിന്റെ ശരീരത്തില്‍ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്ന് ചൈനയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈറസിനോടുളള ശരീര പ്രവര്‍ത്തനങ്ങള്‍ ഏങ്ങനെയായിരിക്കുമെന്ന കാര്യം ഇപ്പോഴും അവ്യക്തമാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ പഠനത്തില്‍ വ്യക്തമായ ശാരീരിക പ്രതിരോധ പ്രവര്‍ത്തനങ്ങളുള്ള രോഗികളെയും കണ്ടെത്താനായിരുന്നു. ആന്റിബോഡി ഉപയോഗിച്ചുള്ള രോഗനിര്‍ണയത്തിന്റെ പരിമിതികള്‍ ആണ് ഗവേഷണത്തില്‍ വ്യക്തമായതെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പല രാജ്യങ്ങളും ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനകളിലൂടെയാണ് രോഗനിര്‍ണയം നടത്തിയത്. ഇതില്‍ അപാകതകള്‍ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.