മുംബയ്: ആഭ്യന്തര വിമാനസര്‍വീസുകള്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചെങ്കിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അനിശ്ചിതത്വം. ഡല്‍ഹി, മുംബയ് എന്നിവയടക്കം നിരവധി നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാര്‍ പ്രയാസത്തിലായത്.വിമാനസര്‍വീസുകള്‍ നടത്താന്‍ തയ്യാറല്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.
മുംബയ് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സാഹചര്യമുണ്ടായി. ഇവിടെനിന്നുള്ള നിരവധി സര്‍വീസുകളും റദ്ദാക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.സാധാരണയില്‍ കൂടുതല്‍ നീണ്ട വരിനിന്നാണ് പലയിടത്തും യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ സാധിച്ചത്. തെര്‍മല്‍ സ്‌ക്രീനിംഗ് കൂടാതെ ഓരോ യാത്രക്കാരുടെയും മൊബൈല്‍ ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാര്‍ ചെയ്തിട്ടുണ്ടോ എന്നുള്ള പരിശോധനയും സുരക്ഷാ ജീവനക്കാര്‍ നടത്തുന്നുണ്ട്.
ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങളിലും ഗുവാഹത്തി, ഇംഫാല്‍ തുടങ്ങിയ വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ റദ്ദാക്കാപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രയാസത്തിലായി. ബംഗളൂരുവില്‍ നിന്നുള്ള ഒമ്ബത് സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങിയതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിശദീകരണം.