തിരുവനന്തപുരം : ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അമ്ബത് പേര്‍ക്കെങ്കിലും പങ്കെടുക്കാന്‍ അനുമതി നല്‍കണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
ലോക്ക് ഡൗണ്‍ ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ ജനങ്ങളുടെ മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കത്തില്‍ പറയുന്നു. ആളുകളുടെ മാനസിക പിരിമുറുക്കത്തില്‍ നിന്ന് മുക്തി നേടാന്‍ ആരാധനാലയങ്ങള്‍ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പള്ളികളിലെ കുര്‍ബാന പോലുള്ള ചടങ്ങുകളും നമസ്‌ക്കാരങ്ങളും ക്ഷേത്ര ദര്‍ശനങ്ങളും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പള്ളികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ എത്തുന്നതിന് വിലക്കുണ്ടായിരുന്നു.
അതേസമയം, ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ട്.