വട്ടിയൂര്‍ക്കാവ് : ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ പോലീസ് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി . കാഞ്ഞിരംപാറ വി.കെ.പി. നഗര്‍ സ്വദേശിനി അജിതയെ(52) മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കോളനിയില്‍ രണ്ടുപേര്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പോലീസ് കോളനിയില്‍ എത്തിയത്. പോലീസ് ഇടപെട്ടിട്ടും പിരിഞ്ഞു പോകാന്‍ ഇവര്‍ തയ്യാറായില്ല. ഇതോടെ ഇന്‍സ്പെക്ടറും കൂടുതല്‍ പോലീസുകാരും സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരും പോലീസും തര്‍ക്കത്തിലായി. ഇതിനിടെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തതായി നാട്ടുകാര്‍ പറയുന്നു.

ലാത്തിയടിയേറ്റ് ഓടിയവര്‍ സമീപത്തെ വീടുകളിലേക്ക് കയറി. പിന്തുടര്‍ന്നെത്തിയ പോലീസുകാര്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത് വീട്ടില്‍ വിശ്രമത്തിലായിരുന്ന അജിതയെ മര്‍ദിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടെ അജിതയുടെ മകന്‍ അരവിന്ദിനും മര്‍ദനമേറ്റു.
ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്‍റായ അജിത പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിക്കാന്‍ ഉപയോഗിച്ച ലാത്തി ഈ വീട്ടിലെ തറയില്‍ കിടക്കുകയാണ്.