കടുത്തുരുത്തി: കോട്ടയം രൂപതയുടെ കീഴിലുള്ള കോതനല്ലൂർ തൂവാനീസ റിട്രീറ്റ് സെന്ററിന്റെ സംരക്ഷണയിൽ കഴിയുന്നത് പ്രവാസികളായ 29 പേര്‍. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 60 മുറികളാണ് ധ്യാനകേന്ദ്രം ഒരുക്കിയിരിക്കുന്നത്. പ്രവാസികളെ സ്വീകരിക്കാൻ കെട്ടിടവും മുറികളും പെയിന്റ് ചെയ്തു മോടി കൂട്ടിയും ഇതര ക്രമീകരണങ്ങള്‍ വരുത്തിയും ധ്യാനകേന്ദ്ര നേതൃത്വം മഹത്തായ മാതൃക കാണിച്ചപ്പോള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് യാതൊന്നും ചെയ്യാന്‍ ഇല്ലായിരിന്നു. തൂവാനീസ ഡയറക്ടർ ഫാ. ജിബിൻ കുഴിവേലി രാവിലെ എല്ലായിടത്തും എത്തി നിയമപ്രകാരമുള്ള അകലം പാലിച്ച് എല്ലാവരോടും സൗകര്യങ്ങൾ തിരക്കിയും പ്രാര്‍ത്ഥനകള്‍ നേര്‍ന്നും സദാ സേവന സന്നദ്ധനാണ്.

ഇവിടെ കഴിയുന്നവർക്കായി ഇന്നലെ രാത്രി വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും നടന്നു. സമയ പരിധി വയ്ക്കാതെയാണു ധ്യാനകേന്ദ്രം സൗജന്യമായി വിട്ടു നൽകിയിരിക്കുന്നത്. ക്വാറന്റീനിൽ കഴിയുന്നവർക്കായി എല്ലാ സഹായങ്ങളും നൽകിയതായും തൂവാനീസയിലെ മുറികൾ ഏതു സമയം വരെയും ഉപയോഗിക്കാമെന്നും ഫാ. ജിബിൽ കുഴിവേലിയും ഫാ. എബിൻ കവുങ്ങുംപാറയിലും അറിയിച്ചു. വിദേശത്തു നിന്നുള്ളവർ നാട്ടില്‍ എത്തിയാൽ തൂവാനീസ റിട്രീറ്റ് സെന്റർ ഇവർക്കായി വിട്ടുനൽകാമെന്നു സർക്കാരിനു നേരത്തെ തന്നെ അറിയിച്ചത് മാർ മാത്യു മൂലക്കാട്ടായിരിന്നു.