ബംഗളൂരു: വരുന്ന ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടേക്കും. കഴിഞ്ഞ സീസണിനിടെ ടീം ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി കാണിച്ചിരുന്നു. രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള തന്റെ മൂന്ന് വര്‍ഷത്തെ കരാര്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ രാഹുലിനെ തിരിച്ചെത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ശ്രമവും നടത്തുന്നുണ്ട്. ഒരു ഇന്ത്യന്‍ താരത്തെയാണ് ആര്‍സിബി ക്യാപ്റ്റനായ ലക്ഷ്യമിടുന്നത്. രാഹുലാവട്ടെ കര്‍ണാകടക്കാരനും ആയതിനാല്‍ ആര്‍സിബി തിരികെ കൊണ്ടുവന്നേക്കും. 

ഐപിഎല്‍ 2024ല്‍ ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ആര്‍സിബി അവസാന സീസമില്‍ പ്ലേ ഓഫിലെത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരം നായകനാവണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആവശ്യം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രാഹുലിന്റെ തിരിച്ചുവരവ് കൂടിയാവുമിത്. 2022ലെ മെഗാ ലേലത്തിലാണ് രാഹുലിനെ ലഖ്‌നൗ പൊക്കുന്നത്. അതേസമയം, ജസ്പ്രിത് ബുമ്രയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സിനൊപ്പം തുടര്‍ന്നേക്കും. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായതോടെ ഇരുവരും എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. എന്നാല്‍ ഇരുവരും തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.