തിരുവനനന്തപുരം : തിരുവനന്തപുരം അരുവിക്കരയില്‍ കരമനയാറിലേക്ക് ചാടിയ പതിനേഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കാച്ചാണി സ്വദേശി ശബരിനാഥാണ് മരിച്ചത്. ഒപ്പം ചാടിയ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപ്പെടുത്തി. പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ ശബരിനാഥും പെണ്‍കുട്ടിയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് ആറ്റിലേക്ക് ചാടിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ശക്തമായ അടിയൊഴുക്കില്‍ ശബരിനാഥിനെ കാണാതായി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് ശബരിനാഥിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശബരിനാഥും പെണ്‍കുട്ടിയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്‌ സുഹൃത്തുക്കളിലൊരാളെ ശബരിനാഥ് വിവരം അറിയിച്ചിരുന്നു. ശബരിനാഥിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.