ആലപ്പുഴ: കൊറോണ രോഗലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ തമിഴ്നാട് സ്വദേശി ഒപിയില്‍ നിന്നും മുങ്ങി. തമിഴ്നാട് ഇ റോഡ് അണ്ണാനഗര്‍ സ്വദേശിയായ പൂവരശനാണ് കടന്നു കളഞ്ഞത്. ഇന്നലെ രാത്രി ഏഴ് മണിടോയെയായിരുന്നു സംഭവം. ഹൗസ് ബോട്ട് ജീവനക്കാരനാണ് ഇയാള്‍.
ചെന്നൈയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇയാള്‍ തിരിച്ചെത്തിയത്. ഇയാള്‍ ഒപ്പം ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയുമായി കറങ്ങി നടക്കുന്ന കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
ഇരുവരുടെയും സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ച ശേഷം ഇവരെ ക്വാറന്റെയ്ന് കേന്ദ്രത്തിലേക്ക് മാറ്റാനായി ആംബുലന്‍സ് എത്താന്‍ കാത്തിരിക്കവെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്.