വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസുദ്യോഗസ്ഥന്‍ കഴുത്തില്‍ കാല്‍മുട്ട് വച്ച്‌ ഞെരിച്ച്‌ കൊന്നതില്‍ പ്രതിഷേധിച്ച്‌ അമേരിക്കയില്‍ ആളിക്കത്തുന്ന കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നു. 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളില്‍ അതാത് ഭരണകൂടങ്ങള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ മിലിറ്ററി പൊലീസും രംഗത്ത് ഇറങ്ങി. നാഷണല്‍ ഗാര്‍ഡുകളെക്കൂടി വിന്യസിച്ചെങ്കിലും സ്ഥിതി നിയന്ത്രണാതീതമാണ്. ടെന്നിസിയില്‍ നാഷ്വില്ലെസ് സിറ്റി ഹാളിന് പ്രതിഷേധക്കാര്‍ തീവച്ചു.

ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് സമരക്കാര്‍ക്ക് വെടിയേറ്റു. ഇതില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു പൊലീസുദ്യോഗസ്ഥനും ഇവിടെ പരിക്കേറ്റു. ലോസ് ഏഞ്ചലസ് അടക്കമുള്ള നിരവധി ഇടങ്ങളില്‍ നിരോധനാജ്ഞ നിലവിലുണ്ട്. ജോര്‍ജിനെ കഴുത്ത് ഞെരിച്ചുകൊന്ന പൊലീസുകാരന്‍ ഡെറക് ചോവിനെ കൊലക്കുറ്റം ചുമത്തി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയിലെമ്ബാടും പൊലീസ് ആസ്ഥാനങ്ങള്‍ക്ക് നേരെയുള്ള അക്രമം തുടരുകയാണ്. ഫെര്‍ഗൂസന്‍ പൊലീസ് ആസ്ഥാനം ആക്രമിക്കപ്പെട്ടു. ഇവിടെയുള്ള എല്ലാ പൊലീസുദ്യോഗസ്ഥരെയും ഒഴിപ്പിച്ചു. വാഷിംഗ്ടനില്‍ വൈറ്റ് ഹൗസിനു പുറത്തും പ്രതിഷേധക്കാര്‍ എത്തി. അതേസമയം,​ വൈറ്റ് ഹൗസിലെത്തിയ പ്രതിഷേധക്കാര്‍ ജോര്‍ജ് ഫ്ലോയ്ഡിന് വേണ്ടി പ്രതിഷേധിക്കാന്‍ വന്നതല്ലെന്നും, അവര്‍ ആയുധങ്ങളും, വേട്ടനായ്ക്കളുമായി സീക്രട്ട് സര്‍വീസിനെ നേരിടാന്‍ സാധ്യതയുണ്ടെന്നും, ഇതിനെ കൃത്യമായി സീക്രട്ട് സര്‍വീസ് നേരിട്ടുവെന്നുമുള്ള തരത്തിലുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെയും പ്രതിഷേധം കടുക്കുകയാണ്.

വിമര്‍ശനമുയര്‍ത്തി ട്രംപിന്റെ നിലപാട്

ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം വലിയ ദുരന്തമാണെന്ന പ്രസ്താവനയ്ക്കുമപ്പുറം, അക്രമികളെ കര്‍ശനമായി നേരിടും എന്ന തരത്തിലുള്ള പ്രസ്താവനകള്‍ക്കാണ് ട്രംപ് ഊന്നല്‍ കൊടുക്കുന്നതെന്നതാണ് പരക്കെയുള്ള ആക്ഷേപം. മിനിയാപോളിസില്‍ ഡെമോക്രാറ്റായ ഗവര്‍ണര്‍ ശ്രമിച്ചിട്ട് നടക്കാത്ത ക്രമസമാധാനപാലനം സൈന്യത്തെ വിട്ട് ഞാന്‍ നടപ്പിലാക്കി എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതേസമയം, പ്രതിഷേധക്കാരെ തീര്‍ത്തും മോശമായ ഭാഷയില്‍ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നിലപാടിനെതിരെ വാഷിംഗ്ടണ്‍ ഗവര്‍ണര്‍ അടക്കം വിമര്‍ശനം കടുപ്പിക്കുകയാണ്.