ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ (EWTN) ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ചർച്ചയായി മലയാളി ബാലൻ. വൈദികരുടെ വിശുദ്ധ കുർബാനയർപ്പണം അനുകരിക്കുന്ന മലയാളി ബാലന്റെ ചിത്രമാണ് ചാനൽ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ബാലന്റെ പേരോ മറ്റ് വിശദ വിവരങ്ങളോ നല്കിയിട്ടില്ലെങ്കിലും മാതാപിതാക്കൾ അവനെ കുറിച്ച് പറഞ്ഞ വാക്കുകൾ തലക്കെട്ടായി നൽകിയിട്ടുണ്ട്. മൂന്നാം വയസ്സിൽ തന്നെ അവൻ വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകളും ഗാനങ്ങളും മനഃപാഠമാക്കിയതായി അവന്റെ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ചാനൽ കുറിച്ചു.

മകന്റെ ഇഷ്ടം മനസ്സിലാക്കി മാതാപിതാക്കൾ അവന് വൈദികരുടെതു പോലയുള്ള ഒരു ഉടുപ്പും വാങ്ങിച്ചുകൊടുത്തു. ഒരു വയസ്സുകാരനായ തന്റെ സഹോദരനെ അൾത്താര ബാലനാക്കാൻ പഠിപ്പിക്കുന്നതാണ് ഇപ്പോൾ തന്റെ മകന്റെ പ്രധാന വിനോദമെന്നാണ് മാതാപിതാക്കൾ പറയുന്നതെന്നും പോസ്റ്റിൽ പറയുന്നു. പതിനാലായിരത്തിൽ അധികം ലൈക്കുകൾ ലഭിച്ച പോസ്റ്റ് രണ്ടായിരത്തിലധികം പേർ ഷെയർ ചെയ്തു കഴിഞ്ഞു. ആയിരത്തിലധികം പേരാണ് അഭിനന്ദനവും പ്രാർത്ഥനകൾ അറിയിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.