തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നോര്‍ക്ക വഴി അപേക്ഷിച്ചവരില്‍ 421 പേര്‍ ജില്ലയിലെത്തി. വാളയാര്‍ വഴി വരുന്നവരെ ചെക്ക് പോസ്റ്റില്‍ ആരോഗ്യ സംഘം പരിശോധന നടത്തിയതിന് ശേഷമാണ് 14 ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. 60 വയസ്സിന് മുകളിലുള്ളവര്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണികളുടെ കൂടെയുള്ളവര്‍ എന്നിവര്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ സ്വന്തം വാഹനത്തില്‍ വീട്ടില്‍ പോകാവുന്നതാണ്. ബാക്കിയുള്ളവരെ കുട്ടനെല്ലൂര്‍ പി.സി തോമസിന്റെ ഹോസ്റ്റലില്‍ ക്വാറന്റൈന്‍ ചെയ്തു.

ജില്ലയിലെ എല്ലാ താലൂക്കുകളിലും കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുന്നംകുളം, തൃശൂര്‍, ചാലക്കുടി, തലപ്പള്ളി, ചാവക്കാട്, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഏഴ് താലൂക്കുകളിലാണ് കോവിഡ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തും. ഇതര സംസ്ഥാനത്ത് നിന്ന് തൃശൂര്‍ താലൂക്കിലേക്ക് 15, കുന്ദംകുളം -32, മുകുന്ദപുരം 53 ,കൊടുങ്ങല്ലുര്‍ 34, ചാവക്കാട് 52, ചാലക്കുടി 50, തലപ്പിള്ളി 43 എന്നിങ്ങനെയാണ് ജില്ലയില്‍ എത്തിയവര്‍. ഇതില്‍ 12 പേര്‍ റെഡ് സോണില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.