അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക പൊതുമാപ്പ് കാലാവധി നവംബര്‍ 17നു അവസാനിക്കുമെന്ന് അധികൃതര്‍. ഇതിനു മുമ്പ് നിയമ ലംഘകരായി കഴിയുന്നവര്‍ രാജ്യം വിടണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. താമസ രേഖകള്‍ നിയമാനുസൃതമാക്കാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് അനധികൃത താമസത്തിനു പിഴയൊന്നും കൂടാതെ രാജ്യം വിടാനുള്ള അന്തിമ സമയപരിധിയാണിത്.
പ്രസിഡന്റ് നല്‍കിയ പൊതുമാപ്പ് കാലാവധി കഴിഞ്ഞ ഓഗസ്റ്റ് 18നു അവസാനിച്ചിരുന്നെങ്കിലും മൂന്നു മാസം കൂടി നീട്ടുകയായിരുന്നു. 2020 മാര്‍ച്ച് ഒന്നിനു മുമ്പ് താമസ രേഖകള്‍ അസാധുവായ ആളുകള്‍ക്ക് നിയമാനുസൃതം രാജ്യം വിടാനുള്ള സുവര്‍ണാവസരം കൂടിയാണിത്. അനധികൃത താമസത്തിനു അടയ്ക്കേണ്ട വന്‍ തുകയില്‍ ഇളവു നല്‍കി നാടുവിടാന്‍ അവസരമൊരുക്കുന്നതിനാല്‍ ഇതു പ്രയോജനപ്പെടുത്തണമെന്നാണു അധികൃതരുടെ അഭ്യര്‍ഥന.
ഈ കാലയളവില്‍ രാജ്യം വിടുന്നവരുടെ പാസ്പോര്‍ട്ടില്‍ പ്രവേശന നിരോധം (നോ എന്‍ട്രി) പതിക്കാത്തതിനാല്‍ ഔദ്യോഗിക കുടിയേറ്റ രേഖകളുമായി ഏതു സമയവും യുഎഇയിലേക്ക് തരിച്ചെത്താനും സാധിക്കും. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടാന്‍ സന്നദ്ധരായവര്‍ യാത്രാ നടപടികള്‍ക്കായി ആറു മണിക്കൂര്‍ മുമ്പ് എത്തണം. ദുബായ് വിമാനത്താവളത്തിലൂടെ പോകുന്നവര്‍ ടെര്‍മിനല്‍ രണ്ടിനു സമീപത്തെ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വകുപ്പിനു കീഴിലുള്ള ഡിപോര്‍ട്ടേഷന്‍ സെന്ററിലാണ് ഹാജരാകേണ്ടത്.
യാത്ര സമയത്തിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതേസമയം വിവിധ വീസകളില്‍ രാജ്യത്തു പ്രവേശിച്ചവരുടെ വീസാ കാലാവധി തീര്‍ന്നാല്‍ ഒരു ദിവസത്തെ അധിക താമസത്തിനു ആദ്യ ദിവസം 200 ദിര്‍ഹമാണു പിഴ നല്‍കേണ്ടത്. പിന്നീടുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പിഴയിനത്തില്‍ അടയ്ക്കണം. രാജ്യം വിടുന്ന ദിവസം ഇവരില്‍ നിന്നും സര്‍വീസ് ചാര്‍ജായി 100 ദിര്‍ഹം കൂടി ഈടാക്കും.