സാന്‍ഫ്രാന്‍സിസ്കോ: വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അനുവാദം കൊടുത്ത് ട്വിറ്റര്‍. സിഇഒ ജാക്ക് ഡോര്‍സി ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച്‌ മാസം ആദ്യം മുതല്‍ 5000 ത്തോളം ജീവനക്കാര്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. ഈ സംവിധാനം ഫലപ്രദമായെന്നും അതിനാല്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നും ജാക്ക് ഡോര്‍സി പറയുന്നു.
‘ ഞങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സാഹചര്യം അനുകൂലമാണെങ്കില്‍, അവരത് എല്ലായ്‌പ്പോഴും തുടരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ നടപ്പാക്കും,’- ജാക്ക് ഡോര്‍സി മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

വികേന്ദ്രീകരണത്തിന് പ്രാധാന്യം നല്‍കുകയും എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്തുടരുകയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഈ ഘട്ടത്തോട് എളുപ്പം പൊരുത്തപ്പെടാനായെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. അതേസമയം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പറ്റാത്തവര്‍ക്കായി ഈ വര്‍ഷം അവസാനം ഓഫീസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്റ്റംബറിന് മുമ്ബ് ഓഫീസ് തുറക്കില്ല. നേരത്തെ ഫേസ്ബുക്കും ഗൂഗിളും 2020 ല്‍ മുഴുവനും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന് വ്യക്തമാക്കിയിരുന്നു.