നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. 

യാത്രയ്ക്കായി എത്തുന്നവരും പുറത്തേക്ക് പോകാനായി വരുന്നവരും വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലുകളില്‍ വലിയ വാടക നല്‍കി മുറിയെടുക്കേണ്ടി വന്നിരുന്നു. ഇത് പലര്‍ക്കും അധികബാധ്യത വരുത്തിയിരുന്നു. പുതിയ സംവിധാനം വരുന്നതോടെ കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യം ആസ്വദിക്കാന്‍ സാധിക്കും. 

മണിക്കൂറുകള്‍ക്ക് മാത്രം ചാര്‍ജ്

ട്രാന്‍സിറ്റ് ലോഞ്ചിനായി 42 കോടി രൂപയാണ് മുടക്കിയിരിക്കുന്നത്. എല്ലാവിധ അത്യാധുനിക സൗകര്യത്തോടും കൂടിയാണ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. പഴയ ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഏരിയയിലാണ് ട്രാന്‍സിറ്റ് ലോഞ്ച്. കുറച്ചു സമയം മാത്രം വിശ്രമിക്കാനുള്ളവര്‍ക്ക് മണിക്കൂറുകള്‍ക്ക് മാത്രം വാടക നല്കി മുറിയെടുക്കാം. 

പെട്ടെന്നുള്ള മീറ്റിംഗുകള്‍ക്കുള്ള കോണ്‍ഫ്രറന്‍സ് ഹാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാര്‍, ജിം, സ്പാ, റെസ്റ്റോറന്റ് അടക്കം എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. നടത്തിപ്പ് പ്രെഫഷണല്‍ ഏജന്‍സിക്കാകും. ഓഗസ്റ്റിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.