ന്യൂഡല്‍ഹി: ഇന്ത്യാ-അമേരിക്ക ദ്വിതല ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ കരസേനാ ഉപമേധാവി അമേരിക്ക സന്ദര്‍ശിക്കാനൊരുങ്ങുന്നു. നാളെ മുതല്‍ 20-ാംതീയതിവരെയാണ് ഉപസൈനിക മേധാവി ലെഫ്. ജനറല്‍ എസ്.കെ. സയ്നി അമേരിക്കയിലെത്തുന്നത്. അമേരിക്കയുമായി സൈനിക രംഗത്തെ സഹകരണമാണ് സുപ്രധാന ചര്‍ച്ചയാകുന്നത്.
സെയ്നി അമേരിക്കയുടെ പെസഫിക് കമാന്റിന്റെ ആസ്ഥാനവും ഇന്തോ-പെസഫിക് കമാന്റ് ആസ്ഥാനവും സന്ദര്‍ശിക്കും. അമേരിക്കന്‍ സേനയുടെ കരസേനാ സംവിധാനങ്ങളും സംയുക്ത പരിശീലനം നടത്താനുള്ള കേന്ദ്രങ്ങളും സെയ്നി സന്ദര്‍ശിക്കുമെന്നും സേനാ വക്താവ് അറിയിച്ചു.
ഇന്തോപാകോം എന്ന് വിളിക്കപ്പെടുന്ന കേന്ദ്രത്തില്‍ ഇന്ത്യ-അമേരിക്ക സംയുക്തസേനാ വിഭാഗത്തിന്റെ പരിശീലനത്തിനൊപ്പം സാങ്കേതിക പരിജ്ഞാനം നല്കുന്ന സംവിധാനങ്ങളേയും കുറിച്ചുള്ള പരസ്പര ധാരണകളും ഉറപ്പിക്കുമെന്നും സേനാ കേന്ദ്രം അറിയിച്ചു. 2021 ഫെബ്രുവരിയില്‍ തീരുമാനിച്ചിരിക്കുന്ന യുദ്ധ അഭ്യാസ് എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനിക അഭ്യാസവും വജ്ര പ്രഹര് എന്ന് പേരിട്ടിരിക്കുന്ന 2021 മാര്‍ച്ച് മാസത്തെ പരിശീലനത്തിന്റെ തീരുമാനങ്ങളും ചര്‍ച്ച ചെയ്യും.