ജയ്പൂര്‍: ഇന്ത്യയില്‍ കാര്‍ഷികവിളകളുടെ നാശം വരുത്തിവച്ചത് പാകിസ്ഥാനില്‍ നിന്നുള്ള വെട്ടുകിളികള്‍. രാജസ്ഥാന്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ആര്‍. കട്വയാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.. വെട്ടുകിളികളുടെ പുതിയ വിളനിലമാണ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്ന് അദ്ദേഹം പറയുന്നു. വെട്ടുകിളികളുടെ നാലോളം കൂട്ടങ്ങള്‍ കഴിഞ്ഞ 2-3 ദിവസങ്ങള്‍ക്കിടയില്‍ രാജസ്ഥാനിലേക്ക് എത്തിയിട്ടുണ്ടെന്ന് കട്വ പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്ന് വന്‍കൂട്ടമായെത്തിയ വെട്ടുകിളികള്‍ അവിടെ വ്യാപക നാശമാണ് വിതച്ചത്. ബലൂചിസ്ഥാനില്‍ ഉണ്ടായ വെട്ടുകിളികളാണ് ഇറാനിലും പാകിസ്ഥാനിലും ഇന്ത്യയിലും നാശം വിതക്കുന്നത്.

രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര,ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വെട്ടുകിളി ശല്യം ശക്തമാണ്. രാജസ്ഥാനിലാണ് ഏറ്റവുമധികം നാശമുണ്ടായതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഒരു മുതിര്‍ന്ന വെട്ടുകിളിക്ക് കാറ്റിനൊപ്പം 150 കിലോമീറ്ററോളം സഞ്ചരിക്കാനാകും. കൂട്ടമായെത്തുന്ന ഇവ വന്‍നാശമാണ് വലിയൊരു മേഖലയില്‍ വിതക്കുക. ചെടികളുടെ പൂക്കള്‍, ഇലകള്‍,തോല്, വേര്, പഴങ്ങള്‍, വിത്ത് മുതല്‍ എന്തും ഇവ ഭക്ഷിക്കും. ചോളം, നെല്ല്, അരിച്ചോളം,കരിമ്ബ്, ബാര്‍ലി,പഴങ്ങള്‍, ഈന്തപ്പന,പച്ചക്കറികള്‍, പുല്ല്, അക്കേഷ്യ, പൈന്‍, വാഴ എന്നിവയെല്ലാം വെട്ടുക്കിളികള്‍ തിന്ന് നശിപ്പിക്കും.