ന്ത്യയിലെത്തുന്ന ഒരു സഞ്ചാരി നിർബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സംസ്ഥാനങ്ങൾ ഇവയാണ്….’ ട്രാവൽ ഇൻഫ്ളുവൻസറായ മൈക്ക് ഒ കെന്നഡി കഴിഞ്ഞ ദിവലം സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്ത വീഡിയോയുടെ വിഷയം ഇതായിരുന്നു. കുറഞ്ഞ സമയം കൊണ്ടുതന്നെ വീഡിയോ ഹിറ്റായി മാറി. മൈക്കിന്റെ അഭിപ്രായത്തിൽ ഒരു സഞ്ചാരി കണ്ടിരിക്കേണ്ട മികച്ച അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകളും അതിന്റെ കാരണങ്ങളുമായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

ഇന്ത്യയിൽ ടൂറിസം മേഖലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനങ്ങൾ തന്നെയാണ് മൈക്കിന്റെ ലിസ്റ്റിലും ഇടം നേടിയത്. എന്നാൽ ഒന്നാം സ്ഥാനത്തിന്റെ കാര്യത്തിൽ പ്രവചനങ്ങളെല്ലാം തെറ്റി. വീഡിയോയ്ക്ക് കമന്റ് ചെയ്ത മിക്കവാറും ആളുകളും മൈക്കിന്റെ ലിസ്റ്റ് ശരിയാണെന്ന് അംഗീകരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ചുരുക്കം ചില ആളുകൾ തങ്ങളുടെ സംസ്ഥാനത്തെ ഉൾപ്പെടുത്താതിലുള്ള നീരസം പ്രകടിപ്പിച്ചു. 

ഈ ലിസ്റ്റിൽ ഇന്ത്യയിൽ ഒരു സഞ്ചാരി കണ്ടിരിക്കേണ്ട അഞ്ച് സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനത്ത് കേരളമാണ്. നാലാം സ്ഥാനത്ത് ഗോവയും മൂന്നാമത് ഹിമാചൽ പ്രദേശും രണ്ടാം സ്ഥാനത്ത് ലഡാക്കുമുണ്ട്. നാഗാലൻഡ് ആണ് ലിസ്റ്റിൽ ഒന്നാമതായുള്ളത്. മറ്റ് പല സംസ്ഥാനങ്ങളും പ്രതീക്ഷിച്ചതാണെങ്കിലും നാഗാലാൻഡ് ഒന്നാമതെത്തിയത് പലരെയും അത്ഭുതപ്പെടുത്തി. പക്ഷെ നാഗാലാൻഡിലൂടെ സഞ്ചരിച്ച ചിലർ സാക്ഷ്യപ്പെടുത്തിയത് ഈ ലിസ്റ്റിൽ ഒന്നാമതെത്താൻ എന്തുകൊണ്ടും അർഹതയുള്ള സംസ്ഥാനമാണ് നാഗാലാൻഡ് എന്നാണ്.

ചരിത്രം, സംസ്കാരം, പാരമ്പരം എന്നിവകൊണ്ടെല്ലാം ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തവും അപൂർവവുമായ പ്രദേശമാണ് നാഗാലാൻഡ്. വ്യത്യസ്തമായ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്താത്ത നാട്. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്ന ആചാരങ്ങൾ പിന്തുടരുന്ന ഗോത്ര ജനതയാണ് ഈ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. 11 ജില്ലകളായാണ് നാഗാലാൻഡ് വിഭജിക്കപ്പെട്ടിരിക്കുന്നത്.

ഉത്സവങ്ങളുടെ നാട് എന്ന വിളിപ്പേര് കൂടിയുണ്ട് നാഗാലാൻഡിന്. വ്യത്യസ്തമായ നിരവധി ഗോത്രാചാരങ്ങളും ആഘോഷങ്ങളും വർഷം മുഴുവൻ അരങ്ങേറുന്നതിനാലാണ് നാഗാലാൻഡിന് ഈ വിളിപ്പേരുള്ളത്. ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഹോർൺബിൽ ഫെസ്റ്റിവലാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ആഘോഷത്തിൽ പങ്കെടുക്കാനായി സഞ്ചാരികളെത്താറുണ്ട്.