ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തോടെ ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീർ (Gautam Gambhir) അരങ്ങേറ്റം കുറിക്കുകയാണ്. ടി20 മത്സരങ്ങളാണ് പരമ്പരയിൽ ആദ്യം നടക്കുക. ടി20 പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ് നിലവിൽ ടീം ഇന്ത്യ. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിയിൽ ഒട്ടേറെ മാറ്റങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ കളിക്കുന്നത്. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20, ഏകദിന ടീമുകളിൽ ഇടം പിടിച്ച താരമാണ് രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ്.

ബോളെറിയാൻ മികവുള്ള ബാറ്റർ എന്നതാണ് പരാഗിന് ഗൗതം ഗംഭീറിന്റെ ഇന്ത്യൻ ടീമിൽ സ്ഥാനം നേടിക്കൊടുത്തത് എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോളിതാ പരാഗിനെയല്ല, മറിച്ച് മറ്റൊരു താരത്തെയാണ് ഇന്ത്യ ഈ പരമ്പരക്കായി പരിഗണിച്ചതെന്നും എന്നാൽ ഈ താരം സെലക്ഷന് ലഭ്യമല്ലാതിരുന്നതിനാലാണ് പരാഗിന് ടീമിലേക്ക് പച്ചക്കൊടി ലഭിച്ചതെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.