വത്തിക്കാന്‍ സിറ്റി: കൊറോണ മഹാമാരിയില്‍ നിന്നുമുള്ള വിടുതലിനായി ലോകമെമ്പാടുമുള്ള ജനങ്ങളോട് പ്രാര്‍ത്ഥനയില്‍ ഒരുമിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത ദിനം ഇന്ന്. ഈ ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിക്കുവാനും കാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുവാനും പാപ്പ ആഗോള സമൂഹത്തോട് പ്രത്യേകം ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ മെയ് രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഹ്യൂമന്‍ ഫ്രറ്റേണിറ്റി ഹയര്‍ കമ്മിറ്റിയാണ് ആഗോള തലത്തില്‍ പ്രാര്‍ത്ഥനദിനമായി ആചരിക്കുന്നതില്‍ ഭാഗഭാക്കാകുവാന്‍ പാപ്പയെയും ക്ഷണിച്ചത്. ക്ഷണം പിന്നീട് പാപ്പ സ്വീകരിക്കുകയായിരിന്നു.

കൊറോണ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി ഇന്നേദിവസം നമ്മുക്ക് ഉപവസിക്കുകയും ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യാം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തോട് ഈ ലോകത്തിന്റെമേൽ കരുണയായിരിക്കണമേ എന്നു പ്രാർത്ഥിക്കാം.

ഈ നിയോഗത്തിന്നായി ഉപവാസത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കുചേരുന്ന ലോകം മുഴുവനുമുള്ള മറ്റു മതവിഭാഗങ്ങളിലെ നമ്മുടെ സഹോദരങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിക്കാം. അവർക്കുവേണ്ടിക്കൂടിയാണല്ലോ നമ്മുടെ കർത്താവ് കുരിശിൽ മരിച്ചതും ഉത്ഥാനം ചെയ്തതും. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌. എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു (1 തിമോത്തേയോസ്‌ 2:4-5).