ലോകത്ത് ആളുകളെ പല വിധത്തില്‍ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. മിക്കപ്പോഴും പല രോഗങ്ങളും കണ്ടെത്താന്‍ വൈകുന്നതാണ് രോഗ തീവ്രത വര്‍ദ്ധിക്കാന്‍ കാരണം. കരളിന് വീക്കം ഉണ്ടാക്കുന്നതും ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്യുന്ന അത്തരം ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്. എല്ലാ വര്‍ഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് വൈറസ് അഞ്ച് തരത്തിലുണ്ട്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ രോഗം പലവിധത്തില്‍ ബാധിക്കാം. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ കൂടുതലും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ്. അല്ലെങ്കില്‍ ഗര്‍ഭകാലത്ത് അമ്മയുടെ രക്തത്തിലൂടെ കുഞ്ഞിനും ഇത് ബാധിക്കാം. ഹെപ്പറ്റൈറ്റിസ് സി സാധാരണയായി രോഗം ബാധിച്ച രക്തത്തിലൂടെയാണ് പകരുന്നത്. അതേസമയം ഹെപ്പറ്റൈറ്റിസ് ഡി ഇതിനോടകം ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച ആളുകളെയാണ് ബാധിക്കുക. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന് പിന്നിലെ ചരിത്രം
ഹെപ്പറ്റൈറ്റിസ് ബി സംബന്ധിച്ച ഗവേഷണം നടത്തിയ അമേരിക്കന്‍ ഫിസീഷ്യനും ജനിതകശാസ്ത്രജ്ഞനുമായ ബറൂക്ക് സാമുവല്‍ ബ്ലംബര്ഗിനോടുള്ള ബഹുമാന സൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനത്തില് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. 1925 ജൂലൈ 28നാണ് നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ബറൂക്ക് സാമുവല്‍ ബ്ലംബര്ഗ് ജനിച്ചത്. ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുകയും പിന്നീട് രോഗനിര്‍ണയ പരിശോധനയും വാക്സിനേഷനും കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 2010 മെയ് മാസത്തില്‍ 63-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ വോട്ടെടുപ്പിലൂടെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന് ആഗോള അംഗീകാരം ലഭിച്ചു.
ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രാധാന്യം
ഹെപ്പറ്റൈറ്റിസ് പലതരത്തിലുണ്ടെന്ന് നാം കണ്ടു. ഇത്തരത്തില്‍ ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് ശരിയായ അവബോധം വളര്‍ത്തുക, അവ എങ്ങനെ പകരുന്നു എന്ന് മനസ്സിലാക്കുക, രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയാണ് ഈ ദിനത്തിലൂടെ ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങള്‍. ഹെപ്പറ്റൈറ്റിസ് വൈറസിന്റെയും അനുബന്ധ രോഗങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഇവ കണ്ടെത്തല്‍, കൈകാര്യം ചെയ്യല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഈ ദിവസം പ്രാധാന്യം നല്‍കുന്നത്. ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന് വിതരണം വര്‍ദ്ധിപ്പിക്കുകയും ലോകമെമ്ബാടുമുള്ള ഹെപ്പറ്റൈറ്റിസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ദിവസം കൂടിയാണിത്.
ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ തീം
നിലവിലെ കോവിഡ്-19 പ്രതിസന്ധിയിലും ‘ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖത്തിലൂടെ ഓരോ 30 സെക്കന്‍ഡിലും ഒരാള്‍ മരിക്കുമ്ബോള്‍ വൈറല്‍ ഹെപ്പറ്റൈറ്റിസിനെതിരെ പ്രവര്‍ത്തിക്കാന്‍ നമുക്ക് കാത്തിരിക്കാനാവില്ല,’ എന്നാണ് 2021 ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ തീം.
വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം വരാന്‍ സാധ്യതയുള്ള സ്ത്രീകള്‍ ഹെപ്പറ്റൈറ്റിസ് പരിശോധനകളും ചികിത്സയും നടത്തണം. കൂടാതെ നവജാതശിശുക്കള്‍ക്ക് അവരുടെ ആദ്യത്തെ ഡോസ് വാക്സിന് കൃത്യമായി നല്‍കണം.