റോം: കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ഫ്രാന്‍സും സ്പെയ്നും ഇറ്റലിയും മരണസംഖ്യയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ആഴ്ചകള്‍ക്കിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഞായറാഴ്ച മൂന്നു രാജ്യങ്ങളിലും ദൃശ്യമായത്. ഫ്രാന്‍സില്‍ 135, സ്പെയ്നില്‍ 164, ഇറ്റലിയില്‍ 174 എന്നിങ്ങനെയാണ് 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം.

അതേസമയം, ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന് രോഗികളുടെ രക്ത സാമ്ബിളുകളില്‍ നടത്തിയ പരിശോധനകളില്‍ വ്യക്തമായിട്ടുണ്ടെന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. രാജ്യത്ത് ആദ്യത്തെ കൊറോണവൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ആഴ്ചകള്‍ക്കു മുന്‍പ് ശേഖരിച്ച സാമ്ബിളാണിത്.

യൂറോപ്പില്‍ ആകമാനം വൈറസിന്റെ ആക്രമണം ദുര്‍ബലമാകുമ്ബോഴും റഷ്യയില്‍ രോഗികളുടെ എണ്ണം കുതിച്ചു കയറുന്നത് ആശങ്കയ്ക്കു കാരണമാകുന്നുണ്ട്. ഞായറാഴ്ച മാത്രം പതിനായിരത്തിലധികം പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മരണ നിരക്ക് ഇതര രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണ്. 1280 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

അമേരിക്കയിലാണ് വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 1450 പേരാണ് കൊവിഡില്‍ മരിച്ചത്. ഇന്നലെ മാത്രം 30,696 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതോടെ അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു. 68,276 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്.