കേപ് ടൗൺ: എച്ച്ഐവി പ്രതിരോധ ചികിത്സയിൽ നിലവിൽ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ലെനകാപവിർ (SUNLENCA) എന്ന മരുന്ന് സ്ത്രീകളിൽ ഫലപ്രദമാണെന്ന് റിപ്പോർട്ട്. വർഷത്തിൽ ഈ മരുന്നിന്റെ രണ്ട് ഷോട്ട് എടുക്കുന്നത് 100% ഫലപ്രദമാണെന്നാണ് പുതിയ പഠനം പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ നടത്തിയ മരുന്നു പരീക്ഷണങ്ങളിൽ ഈ മരുന്ന് സ്ത്രീകളിലും കുട്ടികളിലും ഫലപ്രാപ്തി നൂറു ശതമാനം കാണിച്ചുവെന്നാണ് പഠനം പറയുന്നത്. എയ്ഡ്സ് ചികിത്സയ്ക്ക് ഉപയോഗിച്ചു വരുന്ന മരുന്നാണിത്. ഇപ്പോഴത്തെ കണ്ടെത്തൽ ഈ മരുന്ന് എയ്ഡ്സ് പ്രതിരോധത്തിനും ഗുണകരമാണെന്നാണ്.

മരുന്നിന്റെ മൂന്നാംഘട്ട ട്രയലാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൊതുവെ ദൈനംദിനം ഉപയോഗിക്കേണ്ട മരുന്നുകളാണ് എച്ച്ഐവി പ്രതിരോധത്തിന് ഉപയോഗിച്ചു വരാറ്. അടുത്തിടെയായി രണ്ട് മാസത്തിലരിക്കൽ എടുക്കുന്ന ഇൻജക്ഷനുകളും ഇറങ്ങിയിട്ടുണ്ട്. എന്നാൽ വർഷത്തിൽ വെറും രണ്ട് ഷോട്ട് എടുത്താൽ മതിയെന്നതും, അത് പൂർണ ഫലപ്രാപ്തി നൽകുന്നുവെന്നതും ലെനകാപവിർ മരുന്നിന്രെ പ്രത്യേകതയാണ്.

അയ്യായിരത്തോളം പേരിലാണ് പരീക്ഷണം നടന്നത്. എച്ച്ഐവി നെഗറ്റീവായവരിലായിരുന്നു പരീക്ഷണം. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇവർക്ക് വർഷത്തില്‍ രണ്ട് ഡോസ് വീതം നൽകി. എച്ച്ഐവി പകർച്ച ഇക്കൂട്ടരിൽ ഗണ്യമായ തോതിൽ കുറഞ്ഞതായി പഠിതാക്കൾ കണ്ടെത്തി.

ഈ മരുന്നിന്റെ ഷോട്ടുകൾ കൃത്യമായി എടുത്തവരിൽ രോഗപ്പകർച്ച തീരെ ഇല്ലാതായി. ദൈനംദിനം കഴിക്കേണ്ട പ്രതിരോധ ഗുളികകൾ കൊടുത്ത യുവതികളിൽ രോഗപ്പകർച്ച രണ്ട് ശതമാനത്തോളം ഉണ്ടായതായും പഠനം കണ്ടെത്തി.

യുഎസ് മരുന്ന് നിർമ്മാതാവായ ഗിലീഡ് ആണ് എച്ച്ഐവി പ്രതിരോധത്തിനുള്ള ലെനകാപവിർ മരുന്ന് നിർമ്മിച്ചത്. ഈ മരുന്നിന് ഇതിനകം തന്നെ യുഎസ്സിൽ വിൽപ്പനാനുമതി ലഭിച്ചിട്ടുണ്ട്. യുഎസ് കൂടാതെ കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലും മരുന്നിപ്പോൾ ലഭ്യമാണ്.

അതെസമയം പുരുഷന്മാരിൽ വ്യാപകമായി ഈ മരുന്ന് പരീക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള അനുമതിക്കായി കാക്കുകയാണ് കമ്പനി. മ്യൂനിച്ചിൽ നടന്ന എയ്ഡ്സ് കോൺഫറൻസിൽ ഈ മരുന്നിനെക്കുറിച്ച് പഠിതാക്കൾ വിവരണം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.

നിലവിൽ രണ്ടോ മൂന്നോ മാർഗ്ഗങ്ങളാണ് എച്ച്ഐവി വരുന്നത് തടയാനായി നിലവിലുള്ളത്. ഇതിൽ വ്യാപകമായി എല്ലാവരും ഉപയോഗിക്കുന്നത് ദിവസവും കഴിക്കേണ്ട ചില ടാബ്‌ലറ്റുകളാണ്. മറ്റൊന്ന് രണ്ട് മാസം കൂടുമ്പോൾ എടുക്കേണ്ട ഒരു ഇൻജക്ഷനാണ്. വേറൊരു മാർഗ്ഗമുള്ളത് ലൈംഗികബന്ധം പുലർത്തുമ്പോൾ കോണ്ടം ഉപയോഗിക്കുക എന്നതാണ്.

ഈ മരുന്നിന്റെ ലഭ്യത വ്യാപകമാക്കണമെങ്കില്‍ കുറഞ്ഞ വിലയിൽ ലഭ്യമാകേണ്ടതുണ്ട്. ഇതായിരിക്കും വരുംനാളുകളിലെ വലിയ ആശങ്ക. ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി വലിയ തുക ചെലവിട്ട ഗിലീഡ് കമ്പനി എത്രത്തോളം വില കുറയ്ക്കുമെന്നത് കണ്ടറിയേണ്ടതാണ്. സർക്കാരുകളും എയ്ഡ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളും ഈ മരുന്നിന്റെ വ്യാപക ഉപയോഗത്തിനായി ഫണ്ട് ഇറക്കേണ്ടതായി വന്നേക്കാം.