ന്യുഡല്‍ഹി: പശ്ചിമബംഗാളിലേയും ഒഡീഷയിലേയും ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം നടത്തും.
പ്രധാനമന്ത്രി രാവിലെ 10.45 ഓടെയാണ് കൊല്‍ക്കത്തയിലെത്തുക. ബംഗാള്‍ സന്ദര്‍ശനശേഷം ഒഡീഷയിലെ ചുഴലിക്കാറ്റ് ബാധിത മേഖലകളും മോദി സന്ദര്‍ശിക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ 72 പേരാണ് മരിച്ചത്. കൊല്‍ക്കത്തയില്‍ മാത്രം 15 പേരും മരിച്ചു. ഒഡീഷയില്‍ രണ്ടുപേരും മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും പ്രധാനമന്ത്രി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചേക്കും. ബംഗാളിലെ കിഴക്കന്‍ മദിനിപുര്‍ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് ഉംപുന്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു.

വീട് തകര്‍ന്നുവീണും, വീടിന് മുകളില്‍ മരണം വീണും, തകര്‍ന്നുവീണ വൈദ്യുതക്കമ്ബിയില്‍ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായത്. ഇരുസംസ്ഥാനങ്ങളിലും മോദി സന്ദര്‍ശനം നടത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മാര്‍ച്ച്‌ 25ന് ആദ്യലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ദല്‍ഹിക്കു പുറത്ത് സന്ദര്‍ശനം നടത്തുന്നത്.

‘ഉംപുണ്‍ ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ആകാശനിരീക്ഷണം മാത്രമല്ല മറ്റു യോഗങ്ങളിലും മോദി പങ്കെടുക്കും. ദുരിതാശ്വാസവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നല്‍കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടിരുന്നു.