കൊല്ലം: : പാമ്ബ് കടിയേറ്റ് മരിച്ച കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്രയുടെ കുഞ്ഞിനെ കാണാനില്ല. കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ നേരത്തെ ഉത്തരവായതാണ്. ഇതനുസരിച്ച് ഉത്രയുടെ ഭര്‍ത്താവും കൊലപാതക കേസിലെ പ്രതിയുമായ സൂരജിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന കാര്യം അന്വേഷണസംഘം അറിയിക്കുന്നത്.
കേസില്‍ ഉത്രയുടെ കുട്ടിയെ വീട്ടുകാര്‍ക്ക് കൈമാറണമെന്ന വനിതാ കമ്മീഷന് നിര്‍ദേശമാണ് ഇതുവരെ നടപ്പിലാകാത്തത്. അഞ്ചല്‍ പൊലീസ് പ്രതി സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സൂരജിന്റെ അമ്മയ്ക്കൊപ്പം കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോയെന്നാണ് ഉത്രയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഇന്നുതന്നെ കുട്ടിയെ ഏറ്റെടുത്ത് ഉത്രയുടെ കുടുംബത്തിനു കെെമാറും. അതേസമയം, കേസിലെ പ്രതികളായ സൂരജ് അടക്കമുള്ളവരെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കുഞ്ഞിനെ തങ്ങള്‍ക്ക് കൈമാറണമെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് കൊല്ലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് നേരത്തെ ഉത്തരവിട്ടത്. ഈ ആവശ്യം ഉന്നയിച്ച് കമ്മീഷന് അംഗം ഡോ.ഷാഹിദ കമാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് കത്ത് നല്‍കിയിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടു നല്കാന് ഉത്തരവായത്.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധന നിരോധന നിയമ പ്രകാരവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭര്‍ത്താവ് സൂരജിനും ഭര്‍തൃകുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ.ഷാഹിദാ കമാല്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഉത്രയുടെ വീട് സന്ദര്‍ശിച്ച ഡോ.ഷാഹിദാ കമാല്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിനെ മിനിഞ്ഞാന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സൂരജിനെ ഇന്നലെ രാവിലെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ വൈകാരികമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റല്ലേ സാറേ എന്ന് പറഞ്ഞുള്ള ഉത്രയുടെ അമ്മയുടെ കരച്ചില് കണ്ടു നിന്നവരേയും കണ്ണീരണിയിച്ചു. ഇരുപത് മിനിറ്റോളമാണ് ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ് നടന്നത്. ഇന്ന് രാവിലെയാണ് പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടില്‍ എത്തിച്ചത്.
വീട്ടിലേക്ക് എത്തിയതും ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞു. സൂരജിനെതിരെ സംസാരിക്കാന്‍ തുടങ്ങി. ‘ഇവനെ ഇങ്ങോട്ട് കയറ്റരുത്’ എന്നു പറഞ്ഞ് ആക്രോശിച്ചു. തെളിവെടുപ്പിനായി അന്വേഷണസംഘം ആദ്യം ബെഡ്റൂമിലേക്ക് സൂരജിനെ കൊണ്ടുപോയി. ഉത്രയും സൂരജും മകനും ഉറങ്ങിയിരുന്നത് ആ റൂമിലായിരുന്നു. അവിടെവച്ചാണ് ഉത്രയ്ക്ക് പാമ്ബ് കടിയേറ്റത്. തെളിവെടുപ്പിനിടെ സൂരജ് കുറ്റം നിഷേധിച്ചു. ‘ഞാന്‍ ചെയ്തിട്ടില്ല അച്ഛാ.’ ഉത്രയുടെ അച്ഛനെ നോക്കി സൂരജ് പറഞ്ഞു. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റം സമ്മതിച്ചാണ്. എന്നാല്‍ ഉത്രയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. ബെഡ് റൂമില്‍ തെളിവെടുപ്പ് തുടരുന്നതിനിടെ സൂരജും പൊട്ടിക്കരഞ്ഞു.
സൂരജ് വീട്ടിലേക്ക് പാമ്ബിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര് വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. ഫൊറന്‍സിക് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി എത്തിയിരുന്നു. വീടിനു പുറകിലെ ചായ്പ്പില് നിന്നാണ് കുപ്പി കണ്ടെടുത്തത്. ഇന്നലെ രാവിലെ 6.30നാണ് സൂരജുമായി അന്വേഷണ സംഘം തെളിവെടുപ്പിന് വീട്ടിലെത്തിയത്. സമീപത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് ഇയാളെ എത്തിച്ചത്. താന്‍ ഉത്രയെ കൊന്നിട്ടില്ലെന്നാണ് സൂരജ് വീട്ടുകാരോട് പറഞ്ഞത്.