മ്യൂണിച്ച്: രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറെ സന്ദര്‍ശിക്കാന്‍ ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ എത്തിയ എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഇന്നു റോമിലേക്കു മടങ്ങുമെന്ന് റേഗന്‍സ്ബുര്‍ഗ് രൂപത പത്രക്കുറിപ്പില്‍ അറിയിച്ചു. ആരോഗ്യനിലയില്‍ അവശതകള്‍ നേരിടുന്നതിനാല്‍ പാപ്പ ഇനി ജര്‍മ്മനിയില്‍ തന്നെ തുടരുമെന്ന് പരക്കെ പ്രചരണമുണ്ടായിരിന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് പാപ്പ റോമിലേക്ക് മടങ്ങുന്നത്. ശയ്യാവലംബിയായ സഹോദരൻ ജോര്‍ജ്ജ് റാറ്റ്സിംഗറിനെ കാണാൻ ജൂൺ പതിനെട്ടാം തീയതിയാണ് ബെനഡിക്ട് പാപ്പ ജർമനിയിലെത്തിയത്.

2013ൽ സ്ഥാനത്യാഗം നടത്തിയതിന് ശേഷം ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ഇറ്റലിയുടെ പുറത്തേക്ക് നടത്തിയ ആദ്യത്തെ യാത്രയായിരുന്നു ഇത്. സഹോദരനൊപ്പം രണ്ടു ദിവസം ചെലവഴിച്ച എമരിറ്റസ് പാപ്പാ, റേഗന്‍സ്ബുര്‍ഗില്‍ തന്നെയുള്ള മാതാപിതാക്കളുടെയും സഹോദരിയുടെയും ശവകുടീരങ്ങളും സന്ദര്‍ശിച്ചു. ജൂൺ 20നു റാറ്റ്സിംഗർ സഹോദരങ്ങൾ ഒരുമിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു. റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായിരിക്കുമ്പോള്‍ താമസിച്ചിരുന്ന (ഇപ്പോള്‍ പോപ്പ് ബെനഡിക്ട് 16ാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട്) റേഗന്‍സ്ബുര്‍ഗ് പെന്റ്‌ലിംഗിലെ വസതിയിലും അദ്ദേഹം ഏതാനും സമയം ചെലവഴിച്ചു.

1970-77 കാലഘട്ടത്തില്‍ അധ്യാപകനായി സേവനം ചെയ്തിരുന്ന സമയത്ത് താമസിച്ചിരുന്ന ഭവനവും, മാതാപിതാക്കളെ അടക്കം ചെയ്ത സീഗെറ്റസ്ഡോർഫ് സെമിത്തേരിയും സന്ദർശിക്കാൻ പാപ്പ കഴിഞ്ഞ ദിവസം സമയം കണ്ടെത്തിയിരിന്നു. ജര്‍മ്മനിയില്‍ പാപ്പയ്ക്കു പൊതുപരിപാടികള്‍ യാതൊന്നും ക്രമീകരിച്ചിരിന്നില്ല. ജര്‍മ്മന്‍ സന്ദര്‍ശനത്തില്‍ തൊണ്ണൂറ്റിമൂന്നുകാരനായ എമരിറ്റസ് പാപ്പാ പ്രായത്തിന്റെ അവശതകള്‍ വകവയ്ക്കാതെ ഊര്‍ജസ്വലനായിരുന്നെന്നു റേഗന്‍സ്ബുര്‍ഗ് രൂപത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.